ന്യൂഡൽഹി: ഫ്രാൻസിൽ നിന്നും അത്യാധുനിക യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനുള്ള റാഫേൽ കരാറുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ പ്രതിരോധ മന്ത്രാലയത്തിൽ നിന്നും മോഷണം പോയെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി. രഹസ്യരേഖകൾ ഫോട്ടോകോപ്പിയിലൂടെ ചോർത്തിയത് ഗൗരവകരമായ സംഭവമാണ്. ദേശസുരക്ഷയെ ബാധിക്കുന്ന ഈ സംഭവത്തിൽ അന്വേഷണം നടക്കുകയാണ്. രേഖകൾ ചോർത്തിയത് മോഷണം തന്നെയാണെന്നും ഇക്കാര്യത്തിൽ ഗൂഢാലോചനയുണ്ടെന്നും കേന്ദ്രസർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നു. റാഫേൽ കേസിൽ കേന്ദ്രസർക്കാരിനെ കുറ്റവിമുക്തരാക്കിയ കോടതി വിധിക്കെതിരെ ഹർജിക്കാർ സമർപ്പിച്ച രേഖകൾ ചൂണ്ടിക്കാട്ടിയാണ് സർക്കാരിന്റെ സത്യവാങ്മൂലം.
പ്രതിരോധ മന്ത്രാലയത്തിൽ നിന്നും മോഷണം പോയ രേഖകളാണ് ഹർജിക്കാർ കോടതിയിൽ സമർപ്പിച്ചതെന്നും ഇത് പരിഗണിക്കരുതെന്നും മാർച്ച് ആറിന് അറ്റോർണി ജനറൽ സുപ്രീം കോടതിയിൽ വാദിച്ചത് ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. പ്രതിരോധ മന്ത്രാലയത്തിലെ ഒരു പേപ്പർ പോലും സൂക്ഷിക്കാൻ അറിയാത്ത മോദിയും ബി.ജെ.പിയും എങ്ങനെ രാജ്യത്തെ സംരക്ഷിക്കുമെന്നായിരുന്നു കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളുടെ ചോദ്യം. എന്നാൽ കോടതിയിൽ സമർപ്പിച്ച രേഖകൾ മോഷണം പോയവയാണെന്ന് താൻ പറഞ്ഞിട്ടില്ലെന്ന വാദവുമായി കെ.കെ.വേണുഗോപാൽ മാർച്ച് എട്ടിന് രംഗത്തെത്തിയത് ഏറെ ആശയക്കുഴപ്പം സൃഷ്‌ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രസർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ റാഫേൽ രേഖകൾ മോഷണം പോയതായും ഇക്കാര്യത്തിൽ അന്വേഷണം നടക്കുകയാണെന്നും സമ്മതിച്ചത്. കേസ് സുപ്രീം കോടതി നാളെ പരിഗണിക്കും.
അതേസമയം, റാഫേൽ രേഖകൾ ചോർത്തിയതിൽ അല്ല അവയിൽ പ്രതിപാദിച്ചിരിക്കുന്ന ആരോപണങ്ങളിലാണ് അന്വേഷണം നടത്തേണ്ടതെന്നാണ് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ആവശ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി അഴിമതിക്കാരനാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹത്തിനെതിരെ ക്രിമിനൽ കേസെടുത്ത് അന്വേഷണം പ്രഖ്യാപിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടിരുന്നു.