ന്യൂഡൽഹി: മോദി വാരണാസിയിൽ നിന്നു തന്നെ ജനവിധി തേടുമെന്ന കാര്യത്തിൽ ബി.ജെ.പിക്കു സംശയമില്ല. പക്ഷേ, രണ്ടാം മണ്ഡലമോ? 2014-ൽ യു.പിയിലെ വാരണാസിക്കൊപ്പം ഗുജറാത്തിലെ വഡോദരയിൽ നിന്നു കൂടി മത്സരിച്ച നരേന്ദ്രമോദി വാരണാസി നിലനിർത്തി വഡോദരയെ കൈവിടുകയായിരുന്നു. വഡോദരയിൽ കോൺഗ്രസിലെ മധുസൂദൻ മിസ്‌ത്രിക്ക് എതിരെ 5,70,127 വോട്ടായിരുന്നു മോദിയുടെ ഭൂരിപക്ഷം. വാരണാസിയിൽ ആം ആദ്മി നായകൻ അരവിന്ദ് കെജ്‌രിവാളിന് എതിരെ 3,71,784 വോട്ടും. പക്ഷേ, ഭൂരിപക്ഷം കൂടിയ മണ്ഡലം വിട്ട് മോദി കൈയിൽവച്ചത് പുണ്യനഗരമായ വാരണാസി.
ഇത്തവണ വഡോദരയ്‌ക്കു പകരം നരേന്ദ്രമോദി മറ്റൊരു പുണ്യകേന്ദ്രമായ പുരി (ഒഡിഷ) രണ്ടാം മണ്ഡലമാക്കുമെന്ന് ശ്രുതിയുണ്ട്. അതു ശരിയായാൽ മോദി ഒരേ സമയം ജനവിധി തേടുക രാജ്യത്തെ രണ്ടു പ്രധാന ഹൈന്ദവ ക്ഷേത്ര നഗരങ്ങളിൽ നിന്നാകും. കഴിഞ്ഞ തവണ പുരിയിൽ ബി.ജെ.ഡിയുടെ പിനാകി മിശ്രയ്ക്കായിരുന്നു ജയം. രണ്ടാമത് കോൺഗ്രസും ബി.ജെ.പി മൂന്നാമതും. മോദി മത്സരിച്ചാൽ സ്ഥിതിയിൽ വ്യത്യാസം വരുമായിരിക്കുമെങ്കിലും, അദ്ദേഹം ആ റിസ്കെടുക്കുമോ എന്നാണ് അറിയേണ്ടത്. അതേസമയം, പുരിയുടെ കാര്യം ചോദിക്കുന്ന മാദ്ധ്യമ പ്രവർത്തകരോട്, ഇല്ലെന്നൊരു മറുപടി മോദി പറഞ്ഞിട്ടില്ല. പാർട്ടിയെ സംബന്ധിച്ച് മോദി പുരിയിൽ മത്സരിച്ചാൽ അതിന്റെ ഇഫക്‌ട് ഒഡിഷയിലും ബംഗാളിലും അതിനടുത്തു കിടക്കുന്ന ആന്ധ്ര പദേശിലും കിട്ടും. മോദിയെ സ്വീകരിക്കാൻ പുണ്യപുരി എപ്പോഴേ റെഡിയാണെങ്കിലും, ഇത്തവണ മോദി വാരണാസി മാത്രം മണ്ഡലമായി തിരഞ്ഞെടുക്കുമെന്നും ശ്രുതിയുണ്ട്. കഴിഞ്ഞ തവണ വാരണാസിയിൽ മോദി ആകേ നേടിയത് 5,81,022 വോട്ടായിരുന്നു. കെജ്‌രിവാളിനു കിട്ടിയത് 2,09,238 വോട്ട്. ഇത്തവണ മോദിയോട് കോർക്കാനില്ലെന്ന് കെജ്‌രിവാൾ നേരത്തേ പറഞ്ഞുകഴിഞ്ഞു. കോൺഗ്രസിലെ അജയ് റായ്‌ക്കു കിട്ടിയത് വെറും മുക്കാൽ ലക്ഷത്തിൽച്ച്വില്ലാനം വോട്ട്. എന്തായാലും, പുരി കാത്തിരിക്കുകയാണ്.