loan

കൊച്ചി: ചെറുകിട സംരംഭകർക്ക് വായ്‌പാസഹായം ഉറപ്പാക്കാൻ കേന്ദ്രസർക്കാർ ആവിഷ്‌കരിച്ച മുദ്രാ യോജനയിൽ കിട്ടാക്കടം കുത്തനെ കൂടുന്നത് ബാങ്കുകൾക്ക് തലവേദനയാകുന്നു. നടപ്പു സാമ്പത്തിക വർഷത്തെ ആദ്യ ഒമ്പത് മാസക്കാലയളവിൽ (ഏപ്രിൽ-ഡിസംബർ)​ മുദ്രാ യോജന കുറിച്ച കിട്ടാക്കടം 14,​930.98 കോടി രൂപയാണ്. മുൻവർഷത്തെ 9,​769.99 കോടി രൂപയെ അപേക്ഷിച്ച് 53 ശതമാനമാണ് വർദ്ധന.

ഇതിന് പുറമേ,​ മുദ്രാ വായ്‌പയ്ക്ക് ഡിമാൻഡ് കുറയുന്നത് കേന്ദ്രസർക്കാരിനും ക്ഷീണമാകുന്നുണ്ട്. മൂന്നുലക്ഷം കോടി രൂപയുടെ വായ്‌പാ വിതരണമാണ് കേന്ദ്രസർക്കാർ നടപ്പുവർഷം ലക്ഷ്യമിട്ടത്. നടപ്പുവർഷം ഏപ്രിൽ-ഡിസംബറിലെ വിതരണം 2.12 ലക്ഷം കോടി രൂപ മാത്രമാണ്. മാർച്ച് 31നകം ഇത് രണ്ടരലക്ഷം കോടി രൂപപോലും കടക്കാൻ സാദ്ധ്യത വിരളമെന്നാണ് ബാങ്കുകളുടെ വിലയിരുത്തൽ. കഴിഞ്ഞ സാമ്പത്തിക വർഷം ആകെ വിതരണം ചെയ്‌തത് 2.46 ലക്ഷം കോടി രൂപയായിരുന്നു. വായ്‌പ നേടിയവരിൽ 40 ശതമാനവും സ്‌ത്രീകളാണ്. കഴിഞ്ഞവർഷം മൊത്തം വായ്‌പയുടെ 3.96 ശതമാനവും കിട്ടാക്കടമായിരുന്നു. നടപ്പുവർഷം ഇത്,​ 4-5 ശതമാനമാകുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

2015 ഏപ്രിലിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി,​ 'മൈക്രോ യൂണിറ്ര്‌സ് ഡെവലപ്‌മെന്റ് ആൻഡ് റീഫിനാൻസ് ഏജൻസി" എന്ന മുദ്രാ യോജന പ്രഖ്യാപിച്ചത്. ചെറുകിട സംരംഭങ്ങൾക്ക് വായ്‌പയിലൂടെ മൂലധനം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ശിശു,​ കിഷോർ,​ തരുൺ എന്നീ വായ്‌പാ വിഭാഗങ്ങളാണ് മുദ്രാ യോജനയിലുള്ളത്. ശിശുവിൽ 50,​000 രൂപവരെയും കിഷോറിൽ അഞ്ചുലക്ഷം രൂപ വരെയും തരുണിൽ 10 ലക്ഷം രൂപവരെയും വായ്‌പ ലഭിക്കും.

2018 മാർച്ച് 31ലെ കണക്കുപ്രകാരം മുദ്രാ യോജനയിലെ കിട്ടാക്കടത്തിന് ആധാരമായ നിഷ്‌ക്രിയ അക്കൗണ്ടുകളുടെ (എൻ.പി.എ)​ എണ്ണം 17.99 ലക്ഷം ആയിരുന്നത്,​ ഈവർഷം ഡിസംബർ 31ഓടെ 28.83 ലക്ഷമായി ഉയർന്നു. ശിശു വായ്‌പകളിൽ 58.33 ശതമാനവും കിട്ടാക്കടമാണ്. കിഷോറിൽ ഇത് 70 ശതമാനവും തരുണിൽ 45 ശതമാനവുമാണ്. വാണിജ്യ ബാങ്കുകൾക്ക് പുറമേ,​ റീജിയണൽ റൂറൽ ബാങ്കുകൾ,​ കോ-ഓപ്പറേറ്റീവ് ബാങ്കുകൾ,​ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ (എൻ.ബി.എഫ്.സി)​ എന്നിവയാണ് മുദ്രാ വായ്‌പകൾ വിതരണം ചെയ്യുന്നത്. അഞ്ചു മുതൽ ഏഴുവർഷം വരെയാണ് തിരിച്ചടവ് കാലാവധി.

റിസർവ് ബാങ്കിന്റെ

'ജാഗ്രതാ" നിർദേശം

ബാങ്കുകളിൽ കിട്ടാക്കടം സൃഷ്‌ടിക്കുന്ന മുഖ്യ മേഖലയായി മുദ്രാ യോജന മാറുന്നകാലം വിദൂരമെല്ലെന്നും ഇക്കാര്യത്തിൽ ജാഗ്രത വേണമെന്നും ധനമന്ത്രാലയത്തിന് റിസർവ് ബാങ്ക് നിർദേശം നൽകിയിരുന്നു. നടപ്പുവർഷം മുദ്രാ വായ്‌പയിലെ കിട്ടാക്കടം 53 ശതമാനം വർദ്ധിച്ചത് ആശങ്കപ്പെടുത്തുന്നതാണെന്നും റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.