pritam-munde

ബീഡ് (മഹാരാഷ്‌ട്ര): ലോക്‌സഭാ തിരഞ്ഞെടുപ്പുകളുടെ ചരിത്രത്തിൽ മഹാരാഷ്ട്രയിൽ നിന്നുള്ള മഹാദ്ഭുതമാണ് പ്രീതം മുണ്ടെ. ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന ഗോപിനാഥ് മുണ്ടെയുടെ മകൾ. മുണ്ടെയുടെ അപകട മരണത്തെ തുടർന്ന് ബീഡ് മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്ന പ്രീതം ജയിച്ചുകയറിയത് രാജ്യചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ!- അച്ഛൻ 1,36,454 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ച മണ്ഡലം മകൾ നേടിയത് 6,92,245 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു. ഇക്കുറിയും ബീഡിൽ മറ്റൊരു മുഖം തിരഞ്ഞുപോകാൻ ബി.ജെ.പിക്ക് ആവില്ല.

ബീഡിലെ ഉപതിരഞ്ഞെടുപ്പു വരെ വഡോദരയിൽ മോദി നേടിയ 5,70,128 ആയിരുന്നു റെക്കാഡ് ഭൂരിപക്ഷം.ആ കൊടുമുടിയാണ് പ്രീതം മുണ്ടെ മറികടന്നത്. ഉപതിരഞ്ഞെടുപ്പിന് ബീഡിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാർട്ടി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായും ഉൾപ്പെടെയുള്ള വൻണ താരനിര പ്രീതത്തിനായി പ്രചാരണ രംഗത്തുണ്ടായിരുന്നു. ആകെ പോൾ ചെയ്ത വോട്ടിന്റെ 70.24 ശതമാനവും വാരിക്കൂട്ടിയ പ്രീതം നേടിയത് 9,16,923 വോട്ട്.

മുണ്ടെയുടെ ഇളയ മകളായ പ്രീതം, അച്ഛന്റെ മരണശേഷമാണ് രാഷ്‌ട്രീയത്തിൽ ഇറങ്ങിയതെങ്കിൽ മൂത്ത പുത്രി പങ്കജ മുണ്ടെ അതിനു മുമ്പേ സജീവം. പ

ർളി അസംബ്ളി മണ്ഡലത്തിൽ നിന്നായിരുന്നു പങ്കജയുടെ ജയം. ചേച്ചിയെപ്പോലെയല്ല, കുറച്ചൊക്കെ നാണക്കാരിയും മിതഭാഷിയുമാണ് പ്രീതം. മുംബയ് ഡിവൈ പാട്ടീൽ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വൈദ്യവിദ്യാഭ്യാസം പൂർത്തിയാക്കിയ പ്രീതം ഡേർമറ്റോളജിസ്റ്റ് ആയി പ്രാക്ടീസ് ചെയ്യുന്നതിനിടെയായിരുന്നു ഉപതിരഞ്ഞെടുപ്പും ലോക്‌സഭാ പ്രവേശനവും. ഐ.ടി എൻജിനിയർ ആയ ഗൗരവ് ഖാണ്ടെയാണ് ഭർത്താവ്. ഇനി ഏറ്റവും വലിയ ഭൂരിപക്ഷം നേടി രാജ്യശ്രദ്ധയിലെത്തുമ്പോൾ പ്രീതത്തിന് എത്ര വയസ്സുണ്ടായിരുന്നു എന്നു കൂടി കേട്ടോളൂ: 31. ഇക്കുറി പ്രീതം എത്ര ഭൂരിപക്ഷം നേടുമെന്നതാണ് ബി.ജെ.പിക്ക് ഒപ്പം എതിരാളികളും കാത്തിരിക്കുന്ന ക്ളൈമാക്‌സ്.