ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി മത്സരിക്കില്ലെന്നും പകരം കോൺഗ്രസിന് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ചുക്കാൻ പിടിക്കുമെന്നും മുതിർന്ന പാർട്ടി വൃത്തങ്ങൾ സൂചന നൽകി. നിർണായക തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രചാരണങ്ങളിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതിനാലും എ.ഐ.സി.സി ജനറൽ സെക്രട്ടറി എന്ന നിലയിൽ പ്രവർത്തിക്കേണ്ടതിനാലും ഇത്തവണ തിരഞ്ഞെടുപ്പ് രംഗത്തേക്ക് ഇറങ്ങുന്നില്ലെന്നാണ് പാർട്ടി കേന്ദ്രങ്ങൾ നൽകുന്ന വിശദീകരണം. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി, യു.പി.എ അദ്ധ്യക്ഷ സോണിയാ ഗാന്ധി, മറ്റ് കോൺഗ്രസ് സ്ഥാനാർത്ഥികൾ എന്നിവരുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് വേണ്ടി സജീവമാകാണ് പ്രിയങ്കയുടെ പദ്ധതിയെന്നും കോൺഗ്രസ് വൃത്തങ്ങൾ വിശദീകരിക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലും പ്രിയങ്ക കോൺഗ്രസിന്റെ പ്രചാരണത്തിന് ഇറങ്ങിയിരുന്നു.
സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനുള്ള തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ പ്രിയങ്കാ ഗാന്ധി തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഇപ്പോൾ അമ്മ സോണിയാ ഗാന്ധി പ്രതിനിധീകരിക്കുന്ന റായ്‌ബറേലി മണ്ഡലത്തിൽ നിന്നും പ്രിയങ്ക മത്സരിക്കുമെന്നായിരുന്നു അഭ്യൂഹങ്ങൾ. എന്നാൽ കോൺഗ്രസ് പുറത്തിറക്കിയ സ്ഥാനാർത്ഥി പട്ടികയിലെ ആദ്യ 15 പേരിൽ ഇടംപിടിക്കാൻ പ്രിയങ്കയ്‌ക്ക് കഴിഞ്ഞിരുന്നില്ല. ഇത് പ്രിയങ്കാ ഗാന്ധി മത്സര രംഗത്തേക്ക് ഇല്ലെന്ന സൂചന നൽകിയിരുന്നു. 47കാരിയായ പ്രിയങ്കാ ഗാന്ധി ഇപ്പോൾ വിവിധ പരിപാടികളുമായി പ്രചാരണത്തിലാണ്. കഴിഞ്ഞ ദിവസം ഗുജറാത്തിൽ തന്റെ ആദ്യ ഔദ്യോഗിക പ്രസംഗം നടത്തിയ പ്രിയങ്ക പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവരെ രൂക്ഷമായി വിമർശിച്ചിരുന്നു.