ഗുവാഹട്ടി: കേന്ദ്രസർക്കാരിന്റെ പൗരത്വ ഭേദഗതി ബില്ലിനെ ചൊല്ലി ബി.ജെ.പിയുമായി വേർപിരിഞ്ഞ അസാം ഗണ പരിഷദ് (എ.ജി.പി), വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അസാമിൽ ബി.ജെ.പിക്കൊപ്പം സഖ്യം ചേരും. അസാമിൽ കോൺഗ്രസിനെ തോൽപ്പിക്കാനാണ് നീണ്ട ചർച്ചകൾക്കൊടുവിൽ എ.ജി.പിക്കൊപ്പം മത്സരിക്കാൻ തങ്ങൾ തയ്യാറായതെന്ന് മുതിർന്ന ബി.ജെ.പി നേതാവ് റാം മാധവ് അറിയിച്ചു. ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ ആവശ്യപ്രകാരമാണ് ബന്ധം പുതുക്കിയെന്ന് എ.ജി.പി പ്രസിഡന്റ് അതുൽ ബോറ അറിയിച്ചു. സീറ്റുകളുടെ കാര്യം പിന്നീട് തീരുമാനിക്കുമെന്നും ബോറ പറഞ്ഞു. ബി.ജെ.പിയുടെ പൗരത്വ ഭേദഗതി ബിൽ എ.ജി.പി അംഗീകരിച്ചതിന്റെ തെളിവാണ് സഖ്യം പുനഃരാരംഭിച്ചതെന്ന് ബി.ജെ.പി വക്താവ് വ്യക്തമാക്കി. എന്നാൽ അസാം മുൻ മുഖ്യമന്ത്രി പ്രഫുല്ല കുമാർ മഹന്തയുടെ നേതൃത്വത്തിലുള്ള എ.ജി.പിയിലെ ഒരു വിഭാഗം സഖ്യം പുനഃസ്ഥാപിച്ചതിൽ തൃപ്തരല്ലെന്നാണ് സൂചന.