sbi

കൊച്ചി: ഏഴുപത് വയസിനുമേൽ പ്രായമുള്ളവർക്കും രോഗികൾക്കും ഭിന്നശേഷിക്കാർക്കും കാഴ്‌ചയില്ലാത്തവർക്കും എസ്.ബി.ഐയുടെ സേവനങ്ങൾ ഇനി വീട്ടുപടിക്കൽ ലഭിക്കും. തിരഞ്ഞെടുക്കപ്പെട്ട ശാഖകളിലൂടെയാണ് സേവനം ലഭ്യമാക്കുന്നത്. വിശദാംശങ്ങൾ ബാങ്കിന്റെ വെബ്‌സൈറ്റായ bank.sbiയിൽ ലഭ്യമാണ്.

കെ.വൈ.സി മാനദണ്ഡങ്ങൾ പാലിക്കുന്ന ഉപഭോക്താക്കൾക്കാണ് വീട്ടുപടിക്കൽ സേവനങ്ങൾ ലഭിക്കുക. സേവനം ആവശ്യമായ ഉപഭോക്താക്കൾ അക്കൗണ്ടുമായി മൊബൈൽ നമ്പർ ബന്ധിപ്പിച്ചിരിക്കണം. വീട്,​ ബാങ്ക് ശാഖയിൽ നിന്ന് അഞ്ച് കിലോമീറ്രറിനുള്ളിലുമാകണം. സാമ്പത്തിക ഇടപാടിന് 100 രൂപയും സാമ്പത്തികേതര ഇടപാടിന് 60 രൂപയുമാണ് ഫീസ്. അർഹരായ ഉപഭോക്താക്കൾ ബാങ്ക് ശാഖയിൽ രജിസ്‌റ്റർ ചെയ്യണം. ഭിന്നശേഷിക്കാരും രോഗികളും മെഡിക്കൽ സർട്ടിഫിക്കറ്ര് ഹാജരാക്കണം. ജോയിന്റ് അക്കൗണ്ട്,​ മൈനർ അക്കൗണ്ട്,​ വ്യക്തിഗതമല്ലാത്ത അക്കൗണ്ട് എന്നിവയുടെ ഉടമകൾക്ക് വീട്ടുപടിക്കൽ സേവനം ലഭിക്കില്ല.