km-shaji

വടകര മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി. ജയരാജനെതിരെ കെ.കെ രമ മത്സരിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് കെ.എം ഷാജി. വാൾത്തലയേക്കാൾ ശക്തമാണ് ജനാതിപത്യത്തിൽ വോട്ടിംഗ് എന്ന് മനസിലാക്കാൻ കെ.കെ രമ മത്സരിക്കണമെന്ന് കെ.എം ഷാജി ആവശ്യപ്പെട്ടു.

'ഇരയും വേട്ടക്കാരനും തമ്മിലാകുമോ അങ്കം. വേട്ടക്കാരനെതിരായി ഇരയുടെ ഇച്ഛാശക്തിയെക്കാൾ മികച്ച പ്രതിരോധം മറ്റൊന്നില്ലെന്നും' ഷാജി ഫേസ്ബുക്കിൽ കുറിച്ചു. കേരളത്തിൽ സി.പി.എമ്മിന് ഏറെ പ്രതീക്ഷയുള്ള മണ്ഡലമാണ് വടകര. എന്നാൽ കഴിഞ്ഞ രണ്ട് തവണയും കോൺഗ്രസിന്റെ മുല്ലപ്പള്ളി രാമചന്ദ്രനാണ് വടകരയിൽ നിന്ന് വിജയിച്ചത്. ഇപ്രാവശ്യം മുല്ലപ്പള്ളി മത്സരരംഗത്തേക്കില്ല എന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

അരിയിൽ ഷുക്കൂർ വധക്കേസിൽ പ്രതി സ്ഥാനത്തുള്ള ജയരാജൻ വടകരയിൽ മത്സരിക്കുന്നതിനെതിരെ മുസ്ലിം ലീഗ് പ്രവർത്തകരിൽ വികാരമുണ്ട്. അതുകൊണ്ട് തന്നെ ടി.പി ചന്ദ്രശേഖരന്റെ ഭാര്യയും ആർ.എം.പി നേതാവുമായി കെ.കെ രമ മത്സരിക്കണമെന്നാണ് ലീഗിന്റെ ആവശ്യം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

വടകരയിൽ "ഇരയും വേട്ടക്കാരനും " തമ്മിലാകുമോ അങ്കം !!

വേട്ടക്കാരനെതിരായി ഇരയുടെ ഇച്ഛാശക്തിയെക്കാൾ മികച്ച പ്രതിരോധം മറ്റൊന്നില്ല തന്നെ. പ്രത്യേകിച്ച് ജനാധിപത്യത്തിൽ.
വടകരയിൽ പി. ജയരാജനെതിരെ കെ.കെ രമ തന്നെയാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയായി വരുന്നതെങ്കിൽ
(അങ്ങനെ ആകട്ടെയെന്ന് ആഗ്രഹിക്കുന്നു).

51 വെട്ട് വെട്ടാൻ ഉപയോഗിച്ച വാൾത്തലയെക്കാൾ ശക്തമാണ് ജനാധിപത്യത്തിൽ വോട്ടിംഗ് എന്ന് ജനാധിപത്യത്തിൽ വിശ്വാസമില്ലാത്ത വേട്ടക്കാർക്ക്‌ മനസ്സിലാക്കികൊടുക്കാൻ!!

രാഷ്ട്രീയ കൊലപാതകങ്ങൾ കേരളമൊട്ടും ഈ തിരെഞ്ഞെടുപ്പിൽ പ്രതിഫലിക്കുമ്പോൾ അതിന്റെ ഏറ്റവും വലിയ ജീവിക്കുന്ന ഇരയായ കെ.കെ രമയെക്കാൾ രക്തക്കൊതിയന്മാരെ വിറളിപിടിപ്പിക്കാൻ മറ്റാർക്ക് കഴിയും?ഇരയും വേട്ടക്കാരനും തമ്മിലുള്ള ജനാധിപത്യ പോർക്കളത്തിന് അരങ്ങൊരുങ്ങട്ടെ എന്നാഗ്രഹിക്കുന്നു . തീരുമാനം കോൺഗ്രസ്സിന്റേതാണ്. കാത്തിരിക്കുന്നു.