കൊച്ചി: ശബരിമല യുവതി പ്രവേശനത്തെ തുടർന്ന് പ്രഖ്യാപിച്ച ഹർത്താൽ ആക്രമണത്തിൽ 13 ആർ.എസ്.എസ് നേതാക്കൾക്കെതിരെ കേസെടുക്കാൻ സർക്കാർ നടപടി തുടങ്ങിയതായി സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു.
ജനുവരി 3ന് നടന്ന ശബരിമല ഹർത്താലുമായി ബന്ധപ്പെട്ട് കർശന നടപടികളുമായി മുന്നോട്ടുപോവുമെന്നും സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
കെ.പി.ശശികല, ടി.പി.സെൻകുമാർ, കെ.എസ്.രാധാകൃഷ്ണൻ എന്നിവർക്കെതിരെയും കേസെടുക്കുമെന്നും സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ഹർത്താൽ ദിനത്തിൽ നടന്ന അക്രമ സംഭവങ്ങളെ തുടർന്ന് ആർ.എസ്.എസ്-ബി.ജെ.പി നേതാക്കളടക്കം 13 പേർക്കെതരേ കേസ് രജിസ്റ്റർ ചെയ്യാനുള്ള നടപടി ആരംഭിച്ചു. കേസിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള, ആർ.എസ്.എസ് നേതാവ് പി.ബി മേനോൻ എന്നിവർ പ്രതികളാണ്. ഇവർക്കെതിരെ കേസെടുത്ത് മുന്നോട്ട് പോവാനാണ് സർക്കാർ തീരുമാനം.
അതേസമയം, ഇവരാരും ഹർത്താലിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും ഇവരുടെ ആഹ്വാനപ്രകാരമാണ് ഹർത്താൽ നടപ്പായത്. സുപ്രീം കോടതി ഉത്തരവനുസരിച്ച് ആഹ്വാനം ചെയ്തവർക്ക് ഹർത്താൽ ആക്രമണങ്ങൾക്ക് ഉത്തരവാദിത്തമുണ്ടെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്.