തിരുവല്ല: വിദ്യാർത്ഥിനിയെ നടുറോഡിൽ പെട്രോളൊഴിച്ച് കത്തിച്ച സംഭവത്തിൽ അറസ്റ്റിലായ യുവാവിനെ റിമാൻഡ് ചെയ്തു. കുമ്പനാട് കോയിപ്രം കരാലിൽ വീട്ടിൽ അജിൻ റെജി മാത്യുവാണ് (18) റിമാൻഡിലുള്ളത്. ആവശ്യമെങ്കിൽ പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് ഇൻസ്‌പെക്ടർ പി.ആർ. സന്തോഷ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി പ്രതിയെ അക്രമം നടന്ന ചിലങ്ക തിയേറ്ററിന് സമീപത്തെത്തിച്ച് തെളിവെടുത്തു. നാട്ടുകാർ പ്രതികരിക്കുമെന്ന് ഭയന്നാണ് പൊലീസ് തെളിവെടുപ്പ് രാത്രിയിൽ നടത്തിയത്.
ശരീരമാസകലം പൊള്ളലേറ്റ അയിരൂർ ചരുവിൽ കിഴക്കേതിൽ കവിത (20) എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. പെൺകുട്ടിയുടെ ആരോഗ്യനില അതീവഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
കത്തിക്കയറി സമൂഹമാദ്ധ്യമങ്ങൾ
സി.സി ടിവിയിൽ നിന്ന് ലഭിച്ച സംഭവത്തിന്റെ വീഡിയോയും പ്രതിയെ അറസ്റ്റ് ചെയ്ത ചിത്രങ്ങളും ഇപ്പോഴും വ്യാപകമായി സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ചിലർ പെൺകുട്ടിയുടെ ചിത്രവും അവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള തെറ്റായ വിവരങ്ങളും പ്രചരിപ്പിച്ചു.
അജിൻ റെജി മാത്യുവിന്റെ ഫേസ്ബുക്കിലെ പ്രൊഫൈലിൽ രൂക്ഷമായാണ് ആളുകൾ പ്രതികരിച്ചിരിക്കുന്നത്. അതിനിടെ അജിന്റെ ഫേസ്ബുക്കിലെ വീണാ ജോർജ് എം.എൽ.എയോടൊപ്പമുള്ള സെൽഫിയും വിവാദമായി. എന്നാൽ അജിൻ ഡി.വൈ.എഫ്.എെ പ്രവർത്തകനല്ലെന്ന് വിശദീകരിച്ച് കുമ്പനാട് മേഖല സെക്രട്ടറി പി. അരുൺകുമാർ സമൂഹ മാദ്ധ്യമങ്ങളിൽ പ്രസ്താവനയിറക്കി. അതിനിടെ അജിന്റെ ഫേസ്ബുക്ക് സുഹൃത്തുക്കൾ 1650ൽ നിന്ന് 1502 ആയി. സൗഹൃദം ഒഴിവാക്കിയ കൂട്ടത്തിൽ രാഷ്ട്രീയ പ്രവർത്തകരായിരുന്നു കൂടുതൽ. എന്നാൽ അജിൻ കേരള കോൺഗ്രസ് നേതാവ് ജോസഫ് എം. പുതുശേരിക്കൊപ്പം നിൽക്കുന്ന സെൽഫി ഇടതുപക്ഷ അനുകൂലികൾ സമൂഹ മാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ടു.