mm-mani

ഇടുക്കി: ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനം കഴിഞ്ഞിട്ടും ഇതുവരെ കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. സി.പി.എം പ്രചാരണം ആരംഭിച്ച സാഹചര്യത്തിൽ സ്ഥാനാർത്ഥി പട്ടിക എങ്ങുമെത്താത്ത കോൺഗ്രസിനെ ട്രോളി വെെദ്യുത വകുപ്പ് മന്ത്രി എം.എം മണി രംഗത്തെത്തിയിരിക്കുകയാണ്.

സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന ഒരു ചിത്രം പങ്കുവച്ചാണ് എം.എം മണി കോൺഗ്രസിനെതിരെ തിരിഞ്ഞത്. യു.ഡി.എഫ് സ്ഥാനാർത്ഥിയെ വിജയിപ്പിക്കുക എന്നാവശ്യപ്പെട്ടുള്ള ഒരു ചുവരെഴുത്തിൽ സ്ഥാനാർത്ഥി ആരെന്ന് വ്യക്തമാക്കിയിട്ടില്ല. ആ ചിത്രം പങ്കുവച്ച് കട്ട വെയിറ്റിംഗ് എന്ന ഹാഷ് ടാഗോടെയാണ് മന്ത്രി കോൺഗ്രസിനെ പരിഹസിക്കുന്നത്. സംഘടന ചുമതലയിൽ തിരക്ക് ഉള്ളതിനാൽ സ്ഥാനാർത്ഥി എത്തിയിട്ടില്ലെന്നും മന്ത്രി കുറിച്ചു.

എൽ.ഡി.എഫ് നേതൃത്വം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ശക്തമായ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടിട്ടുണ്ട്. കേരളത്തിലെ 20 മണ്ഡലങ്ങളിൽ മൂന്നാം ഘട്ടമായ ഏപ്രിൽ 23നാണ് വോട്ടെടുപ്പ്. മേയ് 23നാണ് വോട്ടെണ്ണൽ.