കോട്ടയം: കെ.എം.മാണിയുടെ സ്ഥാനാർത്ഥി തോമസ് ചാഴികാടൻ കോട്ടയത്ത് പ്രചാരണം കൊഴുപ്പിക്കുന്നതിനിടെ സീറ്റ് തിരിച്ചു പിടിക്കാൻ യു.ഡി.എഫ് ഉന്നത നേതാക്കളെ കണ്ടു നടക്കുന്ന പി.ജെ.ജോസഫിന്റെ രാഷ്ടീയ ചുവട് വയ്പ് പാളുന്നു. ഔദ്യോഗികമായി കേരളകോൺഗ്രസ് (എം) പിളർന്നിട്ടില്ലെങ്കിലും ഒത്തുചേരാനാവാത്ത വിധം മാണി -ജോസഫ് ഗ്രൂപ്പുകൾ അകന്നു. കോട്ടയം സീറ്റിൽ ഇനി ആരു വിചാരിച്ചാലും സ്ഥാനാർത്ഥി മാറ്റമുണ്ടാകില്ലെന്ന് ജോസ് കെ മാണി ഇന്നലെ പ്രഖ്യാപിച്ചതോടെ യു.ഡിഎഫ് നേതാക്കളുടെ ഇനിയുള്ള ഇടപെടലും ഫലം കാണില്ലെന്നുറപ്പായി.
കോൺഗ്രസിന്റെ കൈവശമുള്ള ഇടുക്കി സീറ്റ് നേടിയെടുക്കുകയാണ് ഇനി ജോസഫിന് മുന്നിലുള്ള ഏക വഴി.ലോക് സഭ തിരഞ്ഞെടുപ്പിന് മുമ്പ് പാർട്ടി പിളർത്താതെ. യുഡി.എഫ് വിടാതെ നിൽക്കാമെന്ന ഉറപ്പ് നൽകിയെങ്കിലും ഇടുക്കി സീറ്റ് ജോസഫിന് വിട്ടുകൊടുക്കുന്നത് കോൺഗ്രസിൽ മറ്റൊരു പ്രതിസന്ധിക്ക് വഴിതുറന്നേക്കും. തിരഞ്ഞെടുപ്പ് മുന്നിൽ നിൽക്കേ ജോസഫിനെയും മാണിയെയും പിണക്കുന്നത് മദ്ധ്യകേരളത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾക്കും ദോഷം ചെയ്യുമെന്ന തിരിച്ചറിവിൽ ന്യൂട്രൽ കളിയായിരിക്കും കോൺഗ്രസ് നടത്തുക.
കോട്ടയം ഇടുക്കി സീറ്റുകൾ വെച്ചു മാറുമെന്ന പ്രചാരണത്തിന് പിന്നിൽ ജോസഫും കോൺഗ്രസിലെ ചില നേതാക്കളുമാണെന്ന തങ്ങളുടെ ആരോപണം ഇപ്പോൾ ശരിവെച്ചിരിക്കുകയാണെന്നാണ് കോൺഗ്രസ് നേതാക്കളുമായി ജോസഫ് നടത്തുന്ന ചർച്ചകളെക്കുറിച്ച് മാണി ഗ്രൂപ്പ് നേതാക്കൾ പറയുന്നത്. ജോസഫിന് മുന്നിൽ ഇനിയുള്ള വഴികൾ. എം.എൽ.എ സ്ഥാനം രാജിവെച്ച് ഇടുക്കിയിൽ യു.ഡിഎഫ് സ്വതന്ത്രനായി മത്സരിക്കാം. അതല്ലെങ്കിൽ കോൺഗ്രസിൽ ചേർന്ന് കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കാം. കൂറ് മാറ്റ നടപടി ഉണ്ടാവില്ല. ഉപതിരഞ്ഞെടുപ്പിൽ ഒഴിവു വരുന്ന തൊടുപുഴ സീറ്റ് മാണി ഗ്രൂപ്പ് വിട്ടു കൊടുക്കില്ലാത്തതിനാൽ ജോസഫിനെ പിന്തുണയ്ക്കുന്നത് കൊണ്ട് കോൺഗ്രസിന് ഒരു നേട്ടവും ഉണ്ടാകില്ലെന്നു മാത്രമല്ല ജനപിന്തുണ ഏറെയുള്ള മാണി ഗ്രൂപ്പുമായുള്ള നീരസവും വർദ്ധിക്കും.
ഇടതു മുന്നണി സീറ്റ് വിഭജനം പൂർത്തിയാക്കിയതിനാൽ യു.ഡിഎഫ് വിട്ട് വന്നാലും ജോസഫിന് സീറ്റ് നൽകാനില്ല. ഇടുക്കിയിലെ സ്ഥാനാർത്ഥിയെ പിൻവലിച്ച് ജോസഫിന് ഇനി സീറ്റ് നൽകിയാൽ അതും പ്രശ്നമാകും .ലോക് സഭ തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ ഇടതു സാദ്ധ്യത തെളിയൂ. പ്രത്യേക ബ്ലോക്കായി ജോസഫ് യു.ഡിഎഫിൽ തുടരുന്നതിനോട് മാണി ഗ്രൂപ്പിന് താത്പര്യമില്ല .രാജിവെച്ച് കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കട്ടെ എന്നാണ് ഒരുന്നത നേതാവ് പരിഹസിച്ചത്. ഇനി വിട്ടു വീഴ്ച വേണ്ടെന്നും പാർട്ടി അച്ചടക്കം ലംഘിച്ച ജോസഫും ,മോൻസ് ജോസഫും എം.എൽ.എ സ്ഥാനം രാജിവയ്ക്കണമെന്ന നിലപാടിൽ മാണി ഗ്രൂപ്പ് നേതൃത്വമെത്തിയതായറിയുന്നു. ജോസഫിനോട് കാണിച്ചത് നീതി കേടായതിനാൽ കോട്ടയം സീറ്റ് നൽകിയോ അല്ലാതെയോ ജോസഫുമായി മാണി ഒത്തു തീർപ്പുണ്ടാക്കണമെന്ന് യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ ഇന്നലെ പത്രസമ്മേളനം നടത്തി ആവശ്യപ്പെട്ടതിന് പിറകേ സജിക്കെതിരെ നടപടി മുന്നറിയിപ്പുമിറങ്ങിയതും ശ്രദ്ധേയമായി.