ശ്രീനഗർ: രണ്ട് പാകിസ്ഥാൻ യുദ്ധവിമാനങ്ങൾ നിയന്ത്രണരേഖയ്ക്ക് സമീപം എത്തിയതായി റിപ്പോർട്ട്. അതിർത്തിയിൽ നിരീക്ഷണത്തിലുണ്ടായിരുന്നു വ്യോമസേനയാണ് ഇക്കാര്യം അറിയിച്ചത്. ചൊവ്വാഴ്ച രാത്രിയോടെ അതിവേഗത്തിൽ പറന്നെത്തിയ വിമാനം പാക് അധീന കാശ്മീരിലെ പൂഞ്ച് സെക്ടറിൽ, നിയന്ത്രണ രേഖയ്ക്ക് 10 കിലോമീറ്റർ സമീപത്തുവരെ എത്തിയെന്ന് വാർത്ത എജൻസിയായ എ.എൻ.ഐയെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സംഭവത്തെ തുടർന്ന് ഇന്ത്യൻ വ്യോമസേന പ്രതിരോധ സംവിധാനങ്ങളും റഡാർ സംവിധാനവും കുടുതൽ ജാഗരൂകമാക്കിയിട്ടുണ്ടെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നൽകിയ തിരിച്ചടിയെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ദിവസങ്ങൾക്ക് മുമ്പ് അതിർത്തി കടന്നെത്തിയ പാക് ആളില്ലാ വിമാനത്തെ ഇന്ത്യൻ വ്യോമസേന തുരത്തിയിരുന്നു.