ഇന്ത്യൻ വ്യോമ പ്രതിരോധം അതീവ ജാഗ്രതയിൽ
ന്യൂഡൽഹി:ഇന്ത്യ - പാക് അതിർത്തിയിൽ സംഘർഷം തുടരുന്നതിനിടെ പാകിസ്ഥാന്റെ രണ്ട് യുദ്ധവിമാനങ്ങൾ ചൊവ്വാഴ്‌ച രാത്രി നിയന്ത്രണ രേഖയ്‌ക്ക് സമീപം എത്തിയതായും ഇന്ത്യയുടെ വ്യോമ പ്രതിരോധ സന്നാഹങ്ങൾ ജാഗരൂകമാക്കിയെന്നും വാർത്താ ഏജൻസി റിപ്പോർട്ട്ചെയ്തു. അതേസമയം, ബലാകോട്ടിലെ പാക് ഭീകര കേന്ദ്രത്തിൽ
ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണത്തിൽ ഇരുനൂറിലേറെ
ഭീകരർ കൊല്ലപ്പെട്ടതായും നിരവധി മൃതദേഹങ്ങൾ അവിടെ നിന്ന് കൊണ്ടുപോയതായും അമേരിക്കയിൽ പ്രവർത്തിക്കുന്ന
ഒരു പാകിസ്ഥാനി ആക്ടിവിസ്റ്റ് വെളിപ്പെടുത്തി.
പൂഞ്ച് സെക്ടറിൽ അധിനിവേശ കാശ്‌മീരിൽ നിയന്ത്രണ രേഖയ്‌ക്ക് പത്ത് കിലോമീറ്റർ അടുത്തുവരെ പാക് യുദ്ധവിമാനങ്ങൾ എത്തിയതായാണ് ഇന്ത്യൻ വ്യോമ പ്രതിരോധ റഡാറുകൾ കണ്ടെത്തിയത്.
ഏത് സാഹചര്യവും നേരിടാൻ ഇന്ത്യയുടെ എല്ലാ വ്യോമ പ്രതിരോധ സംവിധാനങ്ങളും റഡാറുകളും കുടുതൽ ജാഗരൂകമാക്കിയെന്നും പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. യുദ്ധവിമാനങ്ങൾ ശബ്ദാതിവേഗത്തിൽ പറക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദ വിസ്പോടനം (സോണിക് ബൂം ) ഈ മേഖലയിൽ കേട്ടതായി റിപ്പോർട്ടുണ്ട്.
പുൽവാമ ഭീകരാക്രമണത്തെ തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുണ്ടായ സംഘർഷത്തിൽ പാക് യുദ്ധവിമാനങ്ങൾ ഇന്ത്യയുടെ വ്യോമാതിർത്തി ലംഘിച്ചിരുന്നു. അവയെ തുരത്തിയ ഇന്ത്യൻ വ്യോമസേന പാകിസ്ഥാന്റെ ഒരു എഫ്-16 വിമാനം വെടിവെച്ചിടുകയും ഇന്ത്യയുടെ മിഗ്-21 വിമാനം തകരുകയും ചെയ്തിരുന്നു.
200 ഭീകരരുടെ
ജഡങ്ങൾ നീക്കി
ബലാകോട്ടിൽ കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹങ്ങൾ ഖൈബർ പഖ്തൂൺ ഖ്വ മേഖലയിലേക്ക് കൊണ്ടുപോയതായി സെൻജ് ഹസൻ സെറിംഗ് എന്ന മനുഷ്യാവകാശ പ്രവർത്തകനാണ്
അവകാശപ്പെട്ടത്. പാകിസ്ഥാനിലെ ഗിൽജിത് സ്വദേശിയായ ഇയാൾ അമേരിക്കയിൽ നിന്ന് ട്വിറ്ററിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇന്ത്യൻ ആക്രമണത്തിൽ 200 ഭീകരർ കൊല്ലപ്പെട്ടതായി പാക് സൈനിക ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചെന്നും ഉറുദു പത്രങ്ങളിൽ ഇതിന്റെ വാർത്ത വന്നെന്നും ഇയാളുടെ കുറിപ്പിൽ പറയുന്നു. പാക് സൈനിക ഉദ്യോഗസ്ഥൻ ഈ ഭീകരരെ ദൈവത്തിന്റെ പ്രത്യേക കാരുണ്യത്തിന് അർഹരാകുന്നവർ എന്ന അർത്ഥത്തിൽ മുജാഹിദുകൾ എന്നും ഇവർ രക്തസാക്ഷിത്വം വരിച്ചു എന്നുമാണ് വിശേഷിപ്പിച്ചതെന്നും കുറിപ്പിൽ പറയുന്നു.
ബലാകോട്ടിലെ ഇന്ത്യൻ ആക്രമണം വിജയമായിരുന്നു എന്ന് ഉറപ്പിക്കാൻ വേണ്ട തെളിവുകൾ ഉണ്ട്. മറിച്ച് തെളിയിക്കാൻ പാകിസ്ഥാന് കഴിഞ്ഞിട്ടില്ല.പാകിസ്ഥാനിലെയോ വിദേശത്തെയോ മാദ്ധ്യമങ്ങളെ ബലാകോട്ടിലേക്ക് പ്രവേശിപ്പിക്കാത്തത് പാകിസ്ഥാന് എന്തോ മറച്ചു വയ്ക്കാൻ ഉള്ളതിനാലാണെന്നും സെൻജ് വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു. മാദ്ധ്യമങ്ങൾക്ക് സ്ഥലം സന്ദർശിക്കാനോ നാശനഷ്ടങ്ങൾ വിലയിരുത്താനോ അനുമതി നൽകിയിട്ടില്ല. ഇന്ത്യൻ ആക്രമണത്തിൽ കാട്ടിലെ മരങ്ങളും കൃഷിഭൂമിയും മാത്രമാണ് തകർന്നതെന്നാണ് പാകിസ്ഥാന്റെ അവകാശവാദം.
ബലാകോട്ടിലെ ഇന്ത്യൻ ആക്രമണത്തിൽ 50 പേരെങ്കിലും കൊല്ലപ്പെട്ടതായും 35 മൃതദേഹങ്ങൾ അവിടെ നിന്ന് നീക്കിയതായും ഫ്രാൻസിസ്‌കോ മരീന എന്ന ഇറ്റാലിയൻ മാദ്ധ്യമ പ്രവർത്തക നേരത്തേ അവകാശപ്പെട്ടിരുന്നു.