mazood

യു. എൻ: ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കുന്നതിനോട് ചൈന ഇത്തവണയും അനുകൂലിക്കില്ലെന്ന് സൂചന. ഐക്യരാഷ്‌ട്ര രക്ഷാസമിതിയിൽ ഇന്നത്തെ വോട്ടെടുപ്പിൽ സ്ഥിരാംഗമായ ചൈന മസൂദിനെ രക്ഷിക്കാൻ വീണ്ടും വീറ്റോ പ്രയോഗിക്കാനാണ് സാദ്ധ്യത. മസൂദിന്റെ കാര്യത്തിൽ ചർച്ചകളിലൂടെ പക്വമായ ഒരു നിലപാടാണ് തങ്ങൾ ഉുനോക്കുന്നതെന്ന് ഇന്നലെ ചൈനീസ് വിദേശകാര്യ വക്താവ് ലൂ കാങ് പ്രതികരിച്ചിരുന്നു.

മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള എല്ലാ സാഹചര്യവുമുണ്ടെന്നും ഇനിയും അത് ചെയ്യാതിരിക്കുന്നത് മേഖലയിലെ സമാധാനത്തെയും സ്ഥിരതയെയും പ്രതികൂലമായി ബാധിക്കുമെന്നുമാണ് അമേരിക്കൻ നിലപാട്. രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളായ അമേരിക്കയും ബ്രിട്ടനും ഫ്രാൻസും ചേർന്നാണ് മസൂദിനെതിരെ പ്രമേയം കൊണ്ടുവന്നിരിക്കുന്നത്. മസൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാൻ നേരത്തേ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ അവതരിപ്പിച്ച പ്രമേയങ്ങൾ പല തവണ ചൈന വീറ്റോ ചെയ്‌തിരുന്നു. ഇത്തവണ മസൂദിനെതിരെ ശക്തമായ തെളിവുകൾ ഇന്ത്യ രക്ഷാസമിതിക്കു കൈമാറിയിട്ടുണ്ട്.