nalini-netto

തിരുവനന്തപുരം: ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി നളിനി നെറ്റോയുടെ രാജിക്ക് കാരണം അഭിപ്രായവ്യത്യാസമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തം സഹോദരൻ മുഖ്യമന്ത്രിയുടെ പ്രെെവറ്റ് സെക്രട്ടറിയാവുന്നത് കൊണ്ട് അവർ സ്വയം ഒഴിഞ്ഞതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരത്ത് എൽ.ഡി.എഫിന്റെ ലോക്‌സഭ മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എം.വി ജയരാജന് പകരമാണ് മുൻ ഇൻകംടാക്സ് കമ്മിഷണർ ആയിരുന്ന ആർ മോഹനൻ മുഖ്യമന്ത്രിയുടെ പ്രെെവറ്റ് സെക്രട്ടറിയാവുന്നത്. നളിനി നെറ്റോയുടെ സഹോദരനാണ് ആർ. മോഹനൻ.

മാദ്ധ്യമങ്ങളിൽ വന്ന വാർത്തകൾക്കെതിരെയും മുഖ്യമന്ത്രി പ്രതികരിച്ചു. ശരിയായ കാര്യങ്ങളെപ്പോലും വക്രീകരിക്കുന്നതിന്റെ ഉദാഹരണമാണ് നളിനി നെറ്റോയുടെ രാജി. മാദ്ധ്യമങ്ങൾ വസ്തുതാവിരുദ്ധമായ പ്രചാരണമാണ് നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആർ. മോഹനൽ കോയമ്പത്തൂരിൽ ഇൻകംടാക്സ് കമ്മീഷണർ ആയിരിക്കെയാണ് വിരമിച്ചത്. അതിന് ശേഷം തിരുവനന്തപുരം ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിനാൻസ് ആൻഡ് ടാക്സേഷനിൽ സീനിയർ കൺസൽറ്റന്റും സി.ഡി.എസിൽ വിസിറ്റിങ് ഫെലോയുമായി പ്രവർത്തിക്കുകയായിരുന്നു