തൃശൂർ: തൃപ്രയാറിൽ ഇന്ന് നടക്കുന്ന അഖിലേന്ത്യ ഫിഷർമെൻ പാർലമെന്റിലടക്കം കേരളത്തിൽ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനായി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി തൃശൂരിലെത്തി. കേരളത്തിലെ സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് രാഹുൽ മുതിർന്ന നേതാക്കളുമായി രാമനിലയത്തിൽ രാത്രി ചർച്ച നടത്തി.
ഇന്നലെ കന്യാകുമാരിയിലെ പൊതുസമ്മേളനത്തിന് ശേഷം നെടുമ്പാശേരിയിലെത്തി അവിടെ നിന്ന് കാർ മാർഗം രാത്രി 8.45 ഓടെയാണ് രാമനിലയത്തിലെത്തിയത്. ഉമ്മൻ ചാണ്ടി, മുകുൾ വാസ്നിക്, മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ എന്നിവർക്കൊപ്പമാണ് രാഹുൽ എത്തിയത്. രാമനിലയത്തിൽ ടി.എൻ. പ്രതാപൻ, ഒ. അബ്ദുറഹിമാൻ കുട്ടി തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. തൃശൂർ അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ ഭാരവാഹികൾ തുടങ്ങിയവരും രാഹുലിനെ കാണാൻ രാമനിലയത്തിലെത്തി. പ്രത്യേക സുരക്ഷാ സേനയുടെ നിയന്ത്രണത്തിലാണ് രാമനിലയം. 400 പൊലീസുകാരെയും സുരക്ഷാ ജോലിക്കായി ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇന്ന് രാവിലെ തൃപ്രയാറിലെ പരിപാടിയിൽ പങ്കെടുത്ത ശേഷം ഉച്ചയോടെ കണ്ണൂരിലേക്ക് പോകും.