ksrtc

തിരുവനന്തപുരം: ദീർഘദൂര ബസുകളിലെ സ്ത്രീകൾക്ക് മുൻഗണനയുള്ള സീറ്റിൽ ഇരിക്കുന്ന പുരുഷൻമാരെ ഏഴുന്നേൽപ്പിക്കാൻ പാടില്ലെന്ന് നിയമമുള്ളതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ വാർത്തകൾക്കെതിരെ കേരള പൊലീസ് രംഗത്ത്. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് പൊലീസ് അറിയിച്ചു. ഇക്കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സത്യാവസ്ഥ എന്തെന്ന് വ്യക്തമാക്കി പൊലീസ് രംഗത്തെത്തിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്.

ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾ നിയമപരമല്ലെന്ന് മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ദീർഘദൂര ബസുകളിൽ സ്ത്രീകളുടെ സീറ്റിൽ ആളില്ലെങ്കിൽ പുരുഷൻമാർക്ക് യാത്രചെയ്യാം. പിന്നിട് സ്ത്രീകൾ കയറിയാൽ സീറ്റിൽ നിന്ന് പുരുഷൻമാർ എഴുന്നേറ്റ് നൽകണമെന്നാണ് നിയമം. കെ.എസ്.ആർ.ടി.സി വോൾവോ, എ.സി ബസുകൾ ഒഴികെയുള്ള എല്ലാ കെ.എസ്.ആർ.ടി.സി ബസുകളിലും 25 ശതമാനം സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്തിട്ടുണ്ട്. റിസർവേഷൻ സൗകര്യം ഉള്ള ബസുകൾക്ക് ഇത് ബാധകമല്ല- പൊലീസ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

മുൻഗണനാ ക്രമത്തിൽ സംവരണം ചെയ്തിട്ടുള്ള സീറ്റുകളിൽ സർവിസ് തുടങ്ങുന്ന സ്ഥലത്ത് വനിതകൾ ഇല്ലെങ്കിൽ മാത്രം പുരുഷന്മാർക്ക് അനുവദിക്കാവുന്നതാണ്. യാത്രയ്ക്കിടയിൽ സ്ത്രീകൾ ആവശ്യപ്പെടുകയാണെങ്കിൽ മുൻഗണനാ ക്രമത്തിലുള്ള സീറ്റുകൾ ഒഴിഞ്ഞു കൊടുക്കുവാൻ പുരുഷന്മാരോട് കണ്ടക്ടർ ആവശ്യപ്പെടേണ്ടതാണെന്നും അത് വനിതകൾക്ക് ലഭ്യമാക്കേണ്ടതാണെന്നുമാണ് കെ.എസ്.ആർ.ടി.സി ഉത്തരവ് നൽകിയിരിക്കുന്നത്. ബസുകളിലെ സംവരണ സീറ്റിൽ നിയമംലഘിച്ച് യാത്രചെയ്താൽ പിഴയുൾപ്പെടെയുള്ള ശിക്ഷയുണ്ടാകുമെന്ന് മോട്ടോർവാഹനവകുപ്പ് അറിയിച്ചു. നിയമം ലഘിച്ചാൽ മോട്ടോർവാഹനവകുപ്പ് 100 പിഴ ഈടാക്കും. എന്നിട്ടും സീറ്റിൽനിന്ന് മാറാൻ തയാറാകാതെ കണ്ടക്ടറോട് തർക്കിക്കുന്ന യാത്രക്കാരനെതിരേ കൃത്യനിർവഹണം തടസപ്പെടുത്തിയതിന് ക്രിമിനൽ നടപടി പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യാൻ പൊലിസിന് സാധിക്കും.

ബസിലെ സംവരണ സീറ്റുകൾ ഇങ്ങനെയാണ്:

#ബസുകളിൽ 5% സീറ്റ് അംഗപരിമിതർക്ക്
(ആകെ സീറ്റിൽ രണ്ടെണ്ണം)

#കാഴ്ചയില്ലാത്തവർക്ക് ഒരു സീറ്റ്

#20% സീറ്റ് മുതിർന്ന പൗരൻമാർക്ക് (10%
സ്ത്രീകൾക്ക്, 10% സീറ്റ് പുരുഷൻമാർക്ക്)

#25% സീറ്റുകൾ സ്ത്രീകൾക്ക് (ഇതിൽ 5% സീറ്റ്
കൈക്കുഞ്ഞുമായി കയറുന്ന സ്ത്രീകൾക്ക്)

#ഒരു സീറ്റ് ഗർഭിണിക്ക് (സ്വകാര്യ,
കെഎസ്ആർടിസി ബസുകളിൽ
ഗർഭിണികൾക്കു സീറ്റ് സംവരണം ചെയ്തിട്ടുണ്ട്.
എല്ലാ ബസുകളിലും ഒരു സീറ്റെങ്കിലും
ഗർഭിണികൾക്കു നീക്കിവയ്ക്കണമെന്ന
നിർദേശമുൾപ്പെടുത്തി കേരള മോട്ടോർ
വാഹന നിയമം മനുഷ്യാവകാശ കമ്മിഷന്റെ
ഉത്തരവുപ്രകാരം ഭേദഗതി ചെയ്തിരുന്നു)