kob-insaf

കടുത്തുരുത്തി: കുറുപ്പന്തറയിൽ ടോറസ് ലോറിയിടിച്ച് ബൈക്ക് യാത്രക്കാരനായ വിദ്യാർത്ഥി മരിച്ചു. കൊച്ചിൻ കോളേജിലെ ബി.ബി.എ വിദ്യാർത്ഥി മട്ടാഞ്ചേരി പനയംപള്ളി തുണ്ടിക്കൽ ഇക്ബാലിന്റെ മകൻ മുഹമ്മദ് ഇൻസാഫാണ് (19)​ മരിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് കൊച്ചിയിൽ നിന്നെത്തിയ വിദ്യാർത്ഥികളായ സുഹൃത്തുക്കൾ പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്ന ലോറി അടിച്ചു തകർത്തു. സ്റ്റേഷൻ വളപ്പിൽ നടന്ന സംഭവം തടയുന്നതിനിടെ രണ്ട് പൊലീസുകാർക്കും പരിക്കേറ്റു. അരമണിക്കൂറോളം പ്രദേശത്തെ വിറപ്പിച്ച സംഘം പൊലീസിനെയും ആക്രമിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 28 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാവിലെ ഒന്നോടെ ഏറ്റുമാനൂർ-വൈക്കം റോഡിൽ പുളിന്തറ വളവിലായിരുന്നു അപകടം. എം.ജി യൂണിവേഴ്സിറ്റിയിൽ നിന്ന് കൊച്ചിയിലേയ്ക്ക് പോകുന്നതിനിടെ മുഹമ്മദ് ഇൻസാഫ് സഞ്ചരിച്ച ഡ്യൂക് ബൈക്ക് ടോറസ് ലോറിയിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. റോഡിലേയ്ക്ക് തെറിച്ചു വീണ മുഹമ്മദ് ഇൻസാഫിനെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സമീനയാണ് മാതാവ്. സഹോദരി നഫ്‌ല.

വിവരമറിഞ്ഞ് വൈകിട്ട് നാലോടെ എത്തിയ നൂറോളം വരുന്ന വിദ്യാർത്ഥി സംഘം ജംഗ്ഷനിലെ കടയിൽ കയറി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം സ്റ്റേഷൻ വളപ്പിൽ കിടന്നിരുന്ന ലോറി എറിഞ്ഞും അടിച്ചും തകർക്കുകയായിരുന്നു. രോഷാകുലരായ വിദ്യാർത്ഥി സംഘത്തെ തടയാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസുകാർക്ക് കല്ലേറിൽ പരിക്കേറ്റത്. പരിക്കേറ്റ ബിനീഷ്,​ സജീവ് എന്നീ പൊലീസുകാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് പേരെ കസ്റ്റഡിയിലെടുത്തതോടെ ഇവരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് അമ്പതോളം വരുന്ന സംഘം സ്റ്റേഷനിൽ ബഹളംവച്ചു. സ്റ്റേഷനുള്ളിൽ സംഘർഷം മൂർച്ഛിച്ചതോടെ വെള്ളൂർ,​ കുറവിലങ്ങാട് സ്റ്റേഷനുകളിൽ നിന്ന് കൂടുതൽ പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത്.