ന്യൂഡൽഹി: ഇന്ത്യ ആസ്ട്രേലിയ അഞ്ചാം ഏകദിനത്തിൽ ഇന്ത്യയ്‌ക്ക് ദയനീയ തോൽവി. ഇതോടെ ഇന്ത്യൻ മണ്ണിൽ ആസ്ട്രേലിയക്ക് പരമ്പര കരസ്ഥമാക്കി. ആസ്ട്രേലിയ ഉയർത്തിയ 273 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്‌ക്ക് 237 റൺസ് എടുക്കാനെ കഴിഞ്ഞുള്ളൂ. 35 റൺസിന് വിജയിച്ച ആസ്ട്രേലിയ മൂന്ന് വിജയം നേടിയാണ് പരമ്പര കരസ്ഥമാക്കിയത്.
ആദ്യം ബാറ്റ് ചെയ്ത ആസ്ട്രേലിയ 9 വിക്കറ്റ് നഷ്ടത്തിൽ 272 റൺസ് നേടി. ഉസ്മാൻ ഖവജയുടെയും ഹാൻസ്കോമ്പും ചേർന്ന് കങ്കാരുക്കൾക്ക് ഭേദപ്പെട്ട സ്കോർ ഉയർത്തി. രണ്ടുപേരും ചേർന്ന് 76 റൺസിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി. പരമ്പരയിലെ ഉസ്മാൻ ഖവജയുടെ രണ്ടാമത്തെ ഏകദിന സെഞ്ച്വറിയാണ് ആസ്ട്രേലിയയുടെ സ്കോർ ഉയർത്തിയത്. ഹാൻസ്കോമ്പ് അർദ്ധ സെഞ്ച്വറി നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തകർച്ചയോടെ ആയിരുന്നു. അഞ്ചാം ഒാവറിൽ ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടു. നായകൻ വിരാട് കൊഹ്ലിക്ക് 20 റൺസ് എടുക്കാനെ കഴിഞ്ഞുള്ളൂ. രോഹിത് ശർമ 56 റൺസും കേദാർ ജാദവ് (44) എന്നിവർ പൊരുതി നോക്കിയെങ്കിലും വിജയത്തിലെത്താൻ കഴിഞ്ഞില്ല. ഭുവനേശ്വർ കുമാർ 46 റൺസെടുത്തു.
മറ്റ് താരങ്ങൾക്കൊന്നും വേണ്ടത്ര റൺസ് കണ്ടെത്താൻ കഴിഞ്ഞില്ല. ശിഖർ ധവാൻ 12, വിജയ് ശങ്കർ 16, രവീന്ദ്ര ജഡേജ 0 പന്ത് 16 എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ റൺസ്. ഇന്ത്യയ്ക്ക് വേണ്ടി ഭൂവനേശ്വർ കുമാർ മൂന്നും രവീന്ദ്ര ജഡേജയും ഷമിയും രണ്ട് വീതം വിക്കറ്റുകളും വീഴ്‌ത്തി.