rahul-gandhi-
തൃശൂരിലെത്തിയ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി മാർ. ആൻഡ്രൂസ് താഴത്ത് കൂടിക്കാഴ്ച്ച നടത്തുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സമീപം

തൃശൂർ: തൃപ്രയാറിൽ നാളെ നടക്കുന്ന അഖിലേന്ത്യ ഫിഷർമെൻ പാർലമെന്റിലടക്കം കേരളത്തിൽ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനായി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി തൃശൂരിലെത്തി. കേരളത്തിലെ സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് രാഹുൽ മുതിർന്ന നേതാക്കളുമായി രാമനിലയത്തിൽ രാത്രി ചർച്ച നടത്തി.

ഇന്ന് കന്യാകുമാരിയിലെ പൊതുസമ്മേളനത്തിന് ശേഷം നെടുമ്പാശേരിയിലെത്തി അവിടെ നിന്ന് കാർ മാർഗം രാത്രി 8.45 ഓടെയാണ് രാമനിലയത്തിലെത്തിയത്. ഉമ്മൻ ചാണ്ടി, മുകുൾ വാസ്നിക്, മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ എന്നിവർക്കൊപ്പമാണ് രാഹുൽ എത്തിയത്.

രാമനിലയത്തിൽ ടി.എൻ. പ്രതാപൻ, ഒ. അബ്ദുറഹിമാൻ കുട്ടി തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. തൃശൂർ അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ ഭാരവാഹികൾ തുടങ്ങിയവരും രാഹുലിനെ കാണാൻ രാമനിലയത്തിലെത്തി. പ്രത്യേക സുരക്ഷാ സേനയുടെ നിയന്ത്രണത്തിലാണ് രാമനിലയം. 400 പൊലീസുകാരെയും സുരക്ഷാ ജോലിക്കായി ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഫിഷർമെൻ പാർലമെന്റിൽ പങ്കെടുത്തശേഷം രാഹുൽ കണ്ണൂർ വിമാനത്താവളത്തിലെത്തി കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിന്റെ കുടുംബാംഗങ്ങളെ കാണും. ഉച്ചകഴിഞ്ഞ് രണ്ടിന് കാസർഗോഡ് പെരിയയിലെത്തി കഴിഞ്ഞ മാസം കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത്‌ലാൽ എന്നിവരുടെ വീടുകൾ സന്ദർശിക്കും. വൈകിട്ട് അഞ്ചിന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന ജനമഹാ സംഗമത്തിൽ പങ്കെടുത്തശേഷം ഡൽഹിക്ക് മടങ്ങും.