തിരുവനന്തപുരം : സ്പോർട്സ് അതോറിട്ടി ഒഫ് ഇന്ത്യയുടെ (സായി) കാര്യവട്ടത്തെ ലക്ഷ്മിബായി നാഷണൽ കോളേജ് ഒഫ് ഫിസിക്കൽ എഡ്യൂക്കേഷനിൽ (എൽ.എൻ.സി.പി.ഇ) തൊഴിൽ നിയമങ്ങൾക്ക് പുല്ലുവില. വർഷങ്ങളായി ജോലിനോക്കുന്ന ഹൗസ്കീപ്പിംഗ് ജീവനക്കാരോടാണ് അധികൃതരുടെ അനീതി.
മാസത്തിൽ 30 ദിവസവും ജോലിചെയ്താൽ കിട്ടുക 26 ദിവസത്തെ കൂലിമാത്രം. ആഴ്ചയിൽ ഒരു ദിവസം അവധിയെടുത്താൽ ആ ദിവസത്തെ കൂലി വെട്ടിക്കുറയ്ക്കും. ആറ് ദിവസം തുടർച്ചയായി പണിയെടുത്താൻ ഏഴാം ദിവസം ശമ്പളത്തോടു കൂടി അവധി നൽകണമെന്നാണ്. ആ നിയമം കഴിഞ്ഞമാസം മുതലാണ് കാറ്റിൽ പറത്തിയിരിക്കുന്നത്. പത്ത് വർഷത്തിലേറെയായി ഹൗസ് കീപ്പിംഗ് ജോലി നോക്കുന്നവരാണിവിടെ കൂടുതൽ. 26 സ്ത്രീകളും 5 പുരുഷൻമാരുമാണ് ഈ വിഭാഗത്തിലുള്ളത്.
വർഷാവർഷം പുതിയ ഏജൻസികൾക്ക് കോളേജ് കരാർ നൽകുമെങ്കിലും ജീവനക്കാർ മാറ്റമില്ലാതെ തുടരും. ജീവനക്കാരുടെ വേതന വ്യവസ്ഥയുൾപ്പെടെയുള്ള കാര്യങ്ങളിൽ എൽ.എൻ.സി.പി.ഇ അധികൃതരും ഏജൻസിയും തമ്മിലാണ് കരാർ. ജനിസസ് എന്ന ഏജൻസിയാണ് ഫെബ്രുവരി മുതൽ ഹൗസ്കീപ്പിംഗ് ജീവനക്കാരുടെ കരാർ ഏറ്റെടുത്തിരിക്കുന്നത്. ഇതോടെയാണ് ജീവനക്കാരെ ദ്റോഹിക്കുന്ന പരിഷ്കാരം നടപ്പാക്കിയത്. പ്രതിദിനം 466 രൂപയാണ് ജീവനക്കാരുടെ ശമ്പളം.
ഇത്തരത്തിൽ 26 ദിവസത്തെ ശമ്പളമാണ് കരാർ പ്രകാരം നൽകേണ്ടത്. ആഴ്ചയിൽ ഒരു അവധിയും നൽകണം. എന്നാൽ കഴിഞ്ഞമാസം ഞായറാഴ്ചകളിൽ അവധിയെടുത്തവർക്ക് നാല് ദിവസത്തെ ശമ്പളം കുറച്ചാണ് നൽകിയത്. ഇതോടെ ജീവനക്കാർ എൽ.എൻ.സി.പി.ഇ പ്രിൻസിപ്പലിന് പരാതിയും നൽകി. കഴിഞ്ഞ വർഷംവരെ ഏജൻസികൾ 30 ദിവസത്തെ കരാറാണ് ഒപ്പുവച്ചിരുന്നത്. ഇതിൽ 4 ദിവസത്തെ ശമ്പളത്തോട് കൂടിയ അവധിയും നൽകിയിരുന്നു.
എതിർപ്പ് കാലാവധി കഴിഞ്ഞ ഉദ്യോഗസ്ഥന്
അവധി നൽകാതിരിക്കുന്നതിനും കൂലിവെട്ടിക്കുറയ്ക്കുന്നതിനും മുൻപന്തിയിൽ നിൽക്കുന്നത് എൽ.എൻ.സി.പി.ഇയിലെ ഫിനാൻസ് കൺസൾട്ടന്റാണെന്നാണ് ആക്ഷേപം. ഏജൻസിയുമായി ഒപ്പുവച്ച തെറ്റായ കരാറിനെ ന്യായീകരിക്കുന്നതും ഈ ഉദ്യോഗസ്ഥനാണ്.
സെക്രട്ടേറിയറ്റിൽ നിന്ന് വിരമിച്ചയാളാണ്. നാല് മാസം മുമ്പ് കാലാവധി കഴിഞ്ഞെങ്കിലും 66 വയസുള്ള ഉദ്യോഗസ്ഥൻ ഇപ്പോഴും സ്ഥാനത്ത് തുടരുകയാണ്. മൂന്ന് വർഷമായി ഫിനാൻസ് കൺസൾട്ടന്റായ ഇദ്ദേഹം എൽ.എൻ.സി.പി.ഇയിലെ വാഹനമാണ് ഉപയോഗിക്കുന്നത്. ഫിനാൻസ് കൺസൾട്ടന്റിന് ചട്ടവിരുദ്ധമായി വാഹനം അനുവദിച്ചതിൽ ഡൽഹിയിലെ സായി ആസ്ഥാനത്ത് നിന്ന് പ്രിൻസിപ്പലിനോട് അടുത്തിടെ വിശദീകരണവും ചോദിച്ചിരുന്നു.
പുതിയ ഏജൻസിയുമായി ഒപ്പുവച്ച കരാർ പ്രകാരം ഹൗസ്കീപ്പിംഗ് ജീവനക്കാർക്ക് ശമ്പളത്തിൽ കുറവുവന്നതായി പരാതി ലഭിച്ചിട്ടുണ്ട്. ഇക്കാര്യം ഏജൻസി അധികൃതരുമായി സംസാരിച്ച് പരിഹരിക്കും. നടപടികൾ പുരോഗമിക്കുകയാണ്.
- ഡോ. ജി. കിഷോർ പ്രിൻസിപ്പൽ, എൽ.എൻ.സി.പി.ഇ കാര്യവട്ടം