തിരുവനന്തപുരം: നല്ല ചൂട് റോസാപ്പൂവ് ചപ്പാത്തി, കാരറ്റ് ചപ്പാത്തി, താമരപ്പൂവ് അല്ലെങ്കിൽ താമരയില ചപ്പാത്തി അങ്ങനെ നൂറോളം വെറൈറ്റി ചപ്പാത്തികൾക്കൊപ്പം നാടൻ മസാലക്കൂട്ട് ചേർത്ത് കളിമണ്ണിൽ ചുട്ട ചിക്കൻ, ചപ്പാത്തി പായസം, ചപ്പാത്തി ചിപ്സും എന്നിവ കഴിക്കണോ? തൈക്കാട് ആശുപത്രിക്ക് സമീപമുള്ള ചപ്പാത്തി കാസയിലെത്തിയാൽ മതി. വേറിട്ട രുചികൾ തേടിയിറങ്ങുന്ന ഭക്ഷണ പ്രേമികൾക്ക് ഒരു നവ്യാനുഭവമാകും ഹിമ എന്ന സൂപ്പർ ഷെഫിന്റെ ചപ്പാത്തി കാസയെന്നതിൽ സംശയമില്ല.
ഇവിടെയെല്ലാം വെറൈറ്റി
വേറൊരിടത്ത് നിന്നും കിട്ടാത്ത വ്യത്യസ്തമായ വിഭവങ്ങളാണ് തിരുവനന്തപുരത്തുകാരി ഇലക്ട്രിക്കൽ എൻജിനിയർ തന്റെ ചപ്പാത്തി വീട്ടിൽ ഒരുക്കിയിരിക്കുന്നത്. ആഹാരം നൽകുകയെന്നതിലുപരി ആരോഗ്യമുള്ള ആഹാരമൊരുക്കുകയാണ് ഹിമയുടെ പോളിസി. അത് തന്നെയാണ് ചപ്പാത്തി കാസ എന്ന ടേക്ക് എവേ കൗണ്ടറിൽ ഹിമയെ എത്തിച്ചത്. ചപ്പാത്തിയാണ് കൗണ്ടറിന്റെ ഹൈലൈറ്റ്.
നൂറോളം വ്യത്യസ്ത തരം ചപ്പാത്തി. തുമ്പ ഇല, മുക്കുറ്റി ഇല, ചക്കരകൊല്ലി, തുളസി, ചീര, മുരിങ്ങയില തുടങ്ങിയ ഔഷധ ഇലകൾ ചേർത്ത ചപ്പാത്തിയിൽ തുടങ്ങി റോസാപ്പൂവും കണിക്കൊന്ന പൂവും താമരപ്പൂവുമടക്കം ഹിമയുടെ ചപ്പാത്തിയിലെ രുചിക്കൂട്ടുകളാണ്. കാരറ്റും ബീറ്റ് റൂട്ടും അടക്കം പച്ചക്കറി ഉൾപ്പെടുത്തിയ ചപ്പാത്തികളും ഇവിടെ തയ്യാറാണ്. വീട്ടിൽ തന്നെ കഴുകി വൃത്തിയാക്കി പൊടിച്ചുണ്ടാക്കുന്ന ഗോതമ്പാണ് ചപ്പാത്തിക്കായി ഉപയോഗിക്കുന്നത്. എണ്ണ അല്പം പോലും ചേർക്കാറില്ല. ചപ്പാത്തി പായസത്തിനും കളിമണ്ണിൽ ചുട്ടെടുത്ത കോഴിക്കും ആസ്വാദകരേറെയാണ്. സാധാ ചപ്പാത്തിക്ക് 5 രൂപയും വെറൈറ്റി ചപ്പാത്തികൾക്ക് 7 രൂപയുമാണ് വില. വൈകിട്ട് 5 മുതൽ രാത്രി 10 വരെ കിട്ടുന്ന ചപ്പാത്തിയും കളിമൺ ചിക്കനും ചപ്പാത്തി പായസവും അടങ്ങിയ കോമ്പോ ഓഫറിനാണ് ഡിമാൻഡ്. രാവിലെ മുതൽ രാത്രി 10 വരെയാണ് കടയുടെ പ്രവർത്തനം.
ആസ്ട്രേലിയൻ ഊർജം
നാണംകുണുങ്ങിയായിരുന്ന തനിക്ക് ഇത്തരത്തിൽ പുതിയൊരു സംരംഭം തുടങ്ങാനുള്ള ഊർജം ലഭിച്ചത് ആസ്ട്രേലിയൻ ജീവിതത്തിൽ നിന്നാണെന്ന് ഹിമ പറയുന്നു. മുട്ടയ്ക്കാട് രത്നഗിരിയിൽ മണികണ്ഠൻ നായരുടെയും തങ്കത്തിന്റെയും മകളായ ഹിമയുടെ സ്കൂൾ കാലഘട്ടം വെങ്ങാനൂർ എച്ച്. എസ്.എസിലായിരുന്നു. ശേഷം കുസാറ്റിൽ നിന്ന് എൻജിനിയറിംഗിൽ ബിരുദം നേടിയശേഷം ഒരു വർഷം തലസ്ഥാനത്ത് ജോലി നോക്കി.
കല്യാണത്തിന് ശേഷം എം.ബി.എ പഠനത്തിനായി ആസ്ട്രേലിയയിലേക്ക് പോയി. ഭർത്താവ് പ്രവീണിന്റെ വിസ അനുവദിച്ച് കിട്ടാൻ ചില സാങ്കേതിക തടസങ്ങൾ നേരിട്ടതിനാൽ ആസ്ട്രേലിയയിലേക്ക് ആദ്യം വിമാനം കയറിയത് ഹിമയായിരുന്നു. ഭർത്താവ് എത്തിയത് എട്ട് മാസത്തിനുശേഷം. ആരെയും അറിയാത്ത നാട്ടിൽ അതുവരെയുണ്ടായ തിക്താനുഭവങ്ങളാണ് ഏത് പരിതസ്ഥിതിയിലും ജീവിക്കാനുള്ള ഊർജം തനിക്ക് നൽകിയതെന്ന് ഹിമ പറയുന്നു. എട്ട് മാസം മുമ്പാണ് ഭർത്താവിനും മകൻ പ്രഹ്ലാദിനുമൊപ്പം തിരികെ നാട്ടിലെത്തിയത്. ശേഷം തുടങ്ങിയതാണ് ചപ്പാത്തി കാസ.
തന്റെ കടയിൽ നിന്ന് പ്ലാസ്റ്റിക്കിനെ പാടെ അകറ്റി ഹരിത ചട്ടം പാലിക്കാൻ വേണ്ടി വേറിട്ടൊരു കസ്റ്റമർ ലോയൽറ്റി കാർഡ് സംവിധാനവും ഹിമ കടയിൽ നടപ്പിലാക്കിയിട്ടുണ്ട്. പാത്രവുമായി എത്തി ചപ്പാത്തി കാസയിൽ നിന്ന് ഭക്ഷണം വാങ്ങുന്നവർക്ക് ലോയൽറ്റി കാർഡ് നൽകും. ഇത് പത്ത് തവണ ആവർത്തിച്ചാൽ പതിനൊന്നാം തവണ എത്തുമ്പോൾ അൻപത് രൂപ കിഴിവ് നൽകും.