തിരുവനന്തപുരം: ഇന്ധനം നിറയ്ക്കാൻ പെട്രോൾ പമ്പിൽ കയറിയാൽ സൗജന്യമായി ചായയും വടയും സംഭാരവും കഴിച്ചിറങ്ങാം എന്ന പ്രത്യേകതയാണ് കാഞ്ഞിരംപാറ ഹരേകൃഷ്ണ ഫ്യൂവൽസിൽ. ദാഹിച്ച് വലഞ്ഞ് ഈ പെട്രോൾ പമ്പിലെത്തുന്ന ഡ്രൈവർമാർക്കും യാത്രക്കാർക്കുമാണ് ഉടമസ്ഥൻ സുരേഷ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്.
സാമൂഹ്യ സേവനം എന്ന നിലയിൽ കഴിഞ്ഞ വർഷം മാർച്ച് മാസത്തിലാണ് സൗജന്യ സംഭാരം വിതരണം പമ്പിൽ ആരംഭിച്ചത്.
ഇന്ധനം നിറയ്ക്കാൻ പമ്പിലെത്തുന്ന ഡ്രൈവർമാർക്കും വാഹനയാത്രക്കാർക്കും ഏറെ ആശ്വാസമായിരുന്നു ഈ സംഭാരവിതരണം. എന്നാൽ മഴക്കാലമായതോടെ സംഭാരം കുടിക്കാൻ ആൾക്കാർ കുറഞ്ഞു. തുടർന്നാണ് രാവിലെ 10നും 11.30നും ഇടയ്ക്കും വെെകിട്ടും ഒരു മണിക്കൂർ നേരം ചൂട് ചായയും കടിയും വിതരണം ചെയ്യാൻ തുടങ്ങിയത്. ദീർഘദൂരം യാത്ര ചെയ്ത് വരുന്ന ഡ്രൈവർമാർക്കും യാത്രക്കാർക്കും ആശ്വാസകരം എന്ന രീതിയിലാണ് സംഭാരവും തുടർന്ന് ചായയും കടിയും വിതരണം ചെയ്യാൻ ആരംഭിച്ചതെന്ന് സുരേഷ് പറയുന്നു.
റിഫ്രഷ് അറ്റ് ഇന്ത്യൻ ഓയിൽ എന്ന് പേരിട്ട് തുടങ്ങിയ സംരംഭത്തിന്റെ ഭാഗമായാണ് കഴിഞ്ഞ ഫെബ്രുവരി 25ന് സംഭാരവിതരണം പുനരാരംഭിച്ചത്. വേനൽച്ചൂട് കനക്കുന്നതോടെ സംഭാരവിതരണം ഡ്രൈവർമാർക്കും യാത്രക്കാർക്കും ഏറെ ആശ്വാസമാവുകയാണ്. പമ്പിൽ ഇന്ധനം നിറയ്ക്കാൻ എത്തുന്ന ആൾക്കാരിൽ നിന്നു പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും ഇന്ധനം നിറയ്ക്കുന്ന വില നോക്കിയല്ല സേവനം എന്ന നിലയിലാണ് പദ്ധതി മുന്നോട്ട് കൊണ്ട് പോകുന്നതെന്നും സുരേഷ് പറയുന്നു. ചായയും കടിയും സംഭാരവും ഉണ്ടാക്കുന്നതും വീട്ടിൽ നിന്ന് തന്നെയാണ്.
സംഭാരവും ചായയും കടിയും വിതരണം ചെയ്യാനായി രണ്ട് ജോലിക്കാരെയും സുരേഷ് നിയമിച്ചിട്ടുണ്ട്. രാവിലെ 10.30 മുതൽ 11.30 വരെ 150 പേർക്കുള്ള ചായയും കടിയുമാണ് വിതരണം ചെയ്യാറ്. 11.30ന് ശേഷം 3.30 വരെയാണ് സംഭാരവിതരണം. ചായയ്ക്കും കടിക്കുമായി ദിവസവും 1500 രൂപയും സംഭാരവിതരണത്തിനായി ദിവസം 700 രൂപയും ചെലവ് വരുന്നു. മഴ തുടങ്ങുന്നത് വരെ സംഭാരവിതരണം തുടരുമെന്നും മറ്റ് ചില പദ്ധതികൾ കൂടി പമ്പിൽ നടപ്പിലാക്കാൻ ആലോചിക്കുന്നുണ്ടെന്നും സുരേഷ് പറയുന്നു. 1998ലാണ് സുരേഷ് കാഞ്ഞിരംപാറയിൽ പെട്രോൾ പമ്പ് ആരംഭിച്ചത്. മാലിനി സുരേഷാണ് ഭാര്യ. മക്കൾ: സൂര്യ, മീനാക്ഷി.