തിരുവനന്തപുരം: കെ.എൽ.വി 2090 എന്ന ലാംബ്രട്ട സ്കൂട്ടറിന് 55 വർഷത്തെ പഴക്കമുണ്ട്. അതിത്ര വലിയ കാര്യമാണോയെന്ന് ചോദിക്കാൻ വരട്ടെ. ഇത് വെറുമൊരു ലാംബ്രട്ട സ്കൂട്ടറല്ല. ഈ സ്കൂട്ടറിന് കമ്യൂണിസ്റ്റ് നേതാക്കളുമായുള്ള ബന്ധം വച്ച് വേണമെങ്കിൽ ഇതിനെ ഒരു കമ്യൂണിസ്റ്റ് സഹയാത്രികൻ എന്നും വിളിക്കാം.
പല കാലഘട്ടങ്ങളിലുണ്ടായ അടിയന്തര സാഹചര്യങ്ങളിൽ കമ്യൂണിസ്റ്റുകളുടെ സന്തത സഹചാരിയായിരുന്നു ഈ ലാംബ്രട്ട സ്കൂട്ടർ. മഹാനായൊരു കമ്മ്യൂണിസ്റ്റ് നേതാവിന് അടിയന്തര സഹായം നൽകിയ ചരിത്രം കൂടിയുണ്ട് ഇ സ്കൂട്ടറിന് പറയാൻ. പേട്ടയിൽ മിനർവ എന്ന പ്രിന്റിംഗ് പ്രസ് നടത്തിയിരുന്ന കെ.എൻ. ശിവാനന്ദനാണ് ഈ സ്കൂട്ടറിന്റെ ഉടമസ്ഥൻ. പേട്ടയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സജീവ പ്രവർത്തകൻ കൂടിയായിരുന്ന ശിവാനന്ദൻ പൊന്നുപോലെ കൊണ്ടുനടന്നതായിരുന്നു ഈ സ്കൂട്ടർ. സഖാവ് ശിവാനന്ദൻ മരിച്ചിട്ട് 18ന് പന്ത്രണ്ട് വർഷം തികയുമ്പോൾ മകൻ വിമൽ ആ സ്കൂട്ടറിനെ അച്ഛന്റെ സ്മാരകമായി കാത്തുസൂക്ഷിക്കുന്നുണ്ട്. സ്കൂട്ടർ വിൽക്കുന്നുണ്ടോയെന്ന് ചോദിച്ച് പലരും വിമലിനെ സമീപിച്ചെങ്കിലും വിൽക്കാൻ അദ്ദേഹം തയ്യാറല്ല.
അഞ്ചരപ്പതിറ്റാണ്ട് കഴിഞ്ഞിട്ടും ഇപ്പോഴും ഫുൾ കണ്ടിഷനാണ്. ആര് കണ്ടാലും ഒന്ന് ഓടിച്ചു നോക്കണമെന്ന് ആഗ്രഹിപ്പിക്കുന്ന തരത്തിൽ പേട്ട മിനർവ പ്രസിന് മുമ്പിൽ സുന്ദരക്കുട്ടപ്പനായി ഈ ലാംബ്രട്ട ഇരിപ്പുണ്ട്.
ലാംബ്രട്ട അഥവാ കമ്യൂണിസ്റ്റ് സഹയാത്രികൻ
പാവങ്ങളുടെ പടത്തലവൻ എന്നറിയപ്പെട്ട എ.കെ.ജി എന്ന എ.കെ. ഗോപാലനുമായി ഈ സ്കൂട്ടറിന് ഒരു ബന്ധമുണ്ട്. ഒരിക്കൽ എ.കെ.ജിക്ക് അടിയന്തര ചികിത്സ നൽകാനായി മെഡിക്കൽ കോളേജിൽ എത്തണമെന്നും അതിന് വേണ്ട സഹായങ്ങൾ ചെയ്തു നൽകണമെന്നും ശിവാനന്ദന് പാർട്ടിയിൽ നിന്ന് നിർദ്ദേശം ലഭിച്ചു.
എ.കെ.ജി വന്നപ്പോൾ അദ്ദേഹത്തെ സുരക്ഷിതമായി കൊണ്ടുപോകേണ്ടത് ആവശ്യമായി വന്നു. അതോടെ, ശിവാനന്ദൻ പേട്ടയിലും പള്ളിമുക്കിലുമുള്ള തന്റെ പരിചയക്കാരായ ടാക്സി ഡ്രൈവർമാരുടെയെല്ലാം സഹായം തേടിയെങ്കിലും ലഭിച്ചില്ല. എ.കെ.ജിയെ എങ്ങനെ ആശുപത്രിയിലെത്തിക്കുമെന്നോർത്ത് വിഷണ്ണനായിരിക്കുന്ന
ശിവാനന്ദനെ കണ്ടപ്പോൾ അദ്ദേഹം പുഞ്ചിരിച്ചു. എന്നിട്ട് മെല്ലെ തോളിൽ തട്ടി ആശ്വസിപ്പിച്ച ശേഷം ഇങ്ങനെ പറഞ്ഞു- ശിവാനന്ദാ നിന്റെ ഈ ലാംബ്രട്ട സ്കൂട്ടറിൽ നമുക്ക് ആശുപത്രിയിൽ പോകാം- എ.കെ.ജി പറഞ്ഞത് പകുതി മനസോടെ ശിവാനന്ദൻ അംഗീകരിച്ചു. തുടർന്ന് തന്റെ സ്കൂട്ടർ സ്റ്റാർട്ടാക്കി പിന്നിൽ എ.കെ.ജിയെയും ഇരുത്തി നേരെ മെഡിക്കൽ കോളേജിലേക്ക് വിട്ടു. അങ്ങനെ എ.കെ.ജിയുടെ യാത്രയ്ക്കൊപ്പം ആ ലാംബ്രട്ട സ്കൂട്ടറും ചരിത്രത്തിൽ ഇടം പിടിച്ചു.
ഈ ലാംബ്രട്ടയുടെ പിന്നിലിരുന്ന് ഏറ്റവും കൂടുതൽ യാത്ര ചെയ്തിട്ടുള്ള ആൾ സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റും സി.പി.എം സെക്രട്ടേറിയറ്റ് അംഗവുമായ ആനത്തലവട്ടം ആനന്ദനാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ഇടതുപക്ഷ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സി. ദിവാകരനും പലപ്പോഴും ഈ സ്കൂട്ടറിൽ യാത്ര ചെയ്തിട്ടുണ്ട്. അടിയന്തരഘട്ടങ്ങളിൽ പല കമ്മ്യൂണിസ്റ്റ് നേതാക്കളെയും സുരക്ഷിതമായ ഒളിത്താവളങ്ങളിലേക്ക് മാറ്റാൻ മൂകസാക്ഷിയായി നിന്നതും ഈ സ്കൂട്ടറാണ്.