തിരുവനന്തപുരം: അഭിനേതാക്കൾ നിലത്ത് മണ്ണിൽ നാടകം കാഴ്ചവയ്ക്കും. ഗാലറിയിലിരുന്ന് കാണികൾ കളി ആസ്വദിക്കും. ഭൂമിയെ ഇതിവൃത്തമാക്കി സൗന്ദര്യത്തിന്റെയും കരുത്തിന്റെയും കാവൽനില്പിന്റെയും വഴികൾ വീണ്ടും തുറക്കുന്നു. മഹാഭാരതത്തെ വർത്തമാന കാലഘട്ടവുമായി കോർത്തിണക്കി അഭിമന്യു വിനയകുമാർ സംവിധാനം ചെയ്യുന്ന ‘കുറത്തി’ നാടകം 21 മുതൽ 24 വരെ തിരുവനന്തപുരം പുത്തരിക്കണ്ടത്ത് അരങ്ങേറും.
മഹാഭാരത കഥ സമകാലിക സംഭവവികാസങ്ങളിലേക്ക് ചേർത്ത് ചിന്തിപ്പിക്കാനുതകുന്ന രീതിയിലാണ് അവതരിപ്പിക്കുന്നത്. അരക്കില്ലത്തിൽ പാണ്ഡവർക്ക് പകരമായി കൊല്ലപ്പെടുന്നവർ ചെയ്ത കുറ്റം എന്തായിരുന്നു എന്ന ചോദ്യമാണ് നാടകം മുന്നോട്ടുവയ്ക്കുന്നത്. ഇൗ ഭൂമി ഭരണകർത്താക്കളുടേത് മാത്രമല്ല അടിമകൾക്കും പക്ഷിലതാദികൾക്കും തുല്യ അവകാശമുള്ളതാണ് എന്ന് നാടകം പറയുന്നു.
അധികാരമുള്ളവർ പ്രകൃതിയെയും ആദിമ നിവാസികളെയും ദുരുപയോഗം ചെയ്യുന്നതിന്റെയും ഭൂമി പിണങ്ങുന്നതിന്റെയും അനുഭവമാണ് കുറത്തിയിൽ ഓരോ വരിയിലും ഇഴ ചേരുന്നത്. മഹാപ്രളയവും നാടകത്തിൽ വിഷയമാണ്.
ജനഭേരി തൃശൂർ അവതരിപ്പിക്കുന്ന കുറത്തി എന്ന നാടകം ഇത് കൊണ്ട് മാത്രമല്ല വ്യത്യസ്തമാകുന്നത്. ബിഗ് ബഡ്ജറ്റ് നാടകമാണ്. 15 ലക്ഷമാണ് ചെലവ്. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറിയും അഭിമന്യുവിന്റെ അച്ഛനുമായ എം.എൻ. വിനയകുമാറാണ് നാടകരചന. സുദീപ് പാലനാട് (സംഗീതം), ജോസ് കോശി (ദീപവിതാനം), അലിയാർ അലി (സാങ്കേതിക സംവിധാനം), രാജീവ് മുളക്കുഴ (കലാസംവിധാനം) എന്നിവരും നാടകത്തിൽ പങ്കുചേരുന്നു. ഇമാജിനേഷൻ ക്യൂറേറ്റീവാണ് നാടകം തലസ്ഥാനത്ത് സംഘടിപ്പിക്കുന്നത്. ആദ്യ ദിവസത്തെ പ്രദർശനം വൈലോപ്പിള്ളി സംസ്കൃത ഭവനാണ് ഒരുക്കുന്നത്. അന്ന് പ്രവേശനം സൗജന്യമാണ്. മറ്റ് ദിവസങ്ങളിൽ പാസ് മൂലം.