മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ ചിത്രീകരണം ഹൈദരാബാദിൽ നിന്ന് തിരുവനന്തപുരത്തേക്ക് ഷിഫ്ട് ചെയ്യുന്നു. ശനിയാഴ്ചയോടെ മരയ്ക്കാറിൽ മോഹൻലാലിന്റെ രംഗങ്ങൾ പൂർത്തിയാകും.
തുടർന്നാണ് തലസ്ഥാനത്തേക്ക് ഷിഫ്ട് ചെയ്യുന്നത്. തിരുവനന്തപുരത്ത് മൂന്ന് ദിവസത്തെ ചിത്രീകരണമാണ് പ്ളാൻ ചെയ്തിരിക്കുന്നത്.കോവളത്തായിരിക്കും ചിത്രീകരണം.
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരും കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോ. സി.ജെ. റോയിയും മൂൺ ഷോട്ട് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ സന്തോഷ് ടി. കുരുവിളയും ചേർന്ന് നിർമ്മിക്കുന്ന മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിൽ മോഹൻലാലിനൊപ്പം തമിഴ് താരങ്ങളായ പ്രഭു, അർജുൻ, ബോളിവുഡ് താരം സുനിൽ ഷെട്ടി, മുകേഷ്, നെടുമുടി വേണു, ഫാസിൽ, പ്രണവ് മോഹൻലാൽ, നന്ദു, മഞ്ജുവാര്യർ, കീർത്തി സുരേഷ് തുടങ്ങി ഒരു വൻ താര നിര തന്നെ അണിനിരക്കുന്നുണ്ട്. തിരുവാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. സാബു സിറിളാണ് കലാസംവിധായകൻ.
പ്രിയദർശനും ഐ.വി. ശശിയുടെ മകൻ അനി ശശിയും ചേർന്നാണ് മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ രചന നിർവഹിക്കുന്നത്.