നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന റോക്കട്രി; ദ നമ്പി ഇഫക്ടിൽ അതിഥി താരങ്ങളായി ഷാരൂഖ് ഖാനും സൂര്യയും എത്തുന്നു. രണ്ടുപേരുടെയും ഭാഗങ്ങൾ കഴിഞ്ഞ ദിവസം മുംബയിൽ ചിത്രീകരിച്ചു. മാധവനാണ് നമ്പി നാരായണന്റെ വേഷം അവതരിപ്പിക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നതും മാധവൻ തന്നെയാണ്. ആനന്ദ് മഹാദേവനാണ് ചിത്രം സംവിധാനം ചെയ്യാനിരുന്നത് . എന്നാൽ തിരക്ക് കാരണം അദ്ദേഹം പിന്മാറുകയായിരുന്നു.
ട്രൈ കളർ ഫിലിംസും സാഫ്രോൺ ഗണേഷ് എന്റർടെയ്ൻമെന്റും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ക്യാപ്ടൻ എന്ന മലയാള ചിത്രത്തിന്റെ സംവിധായകനായ പ്രജേഷ് സെൻ ഇതിൽ സഹസംവിധായകനായി പ്രവർത്തിക്കുന്നുണ്ട്.ഇന്ത്യയ്ക്ക് പുറമേ യു.എസ്, സ്കോട്ട് ലൻഡ്, ഫ്രാൻസ്, റഷ്യ തുടങ്ങിയ രാജ്യങ്ങളിൽ സിനിമ ചിത്രീകരിക്കും. ഇന്ത്യൻ ശാസ്ത്രജ്ഞനും എയ്റോ സ്പേസ് എൻജിനിയറുമായിരുന്ന എസ്.നമ്പി നാരായണൻ 1994ലാണ് ചാര കേസിൽ അറസ്റ്റിലാവുന്നത്. 1995-ൽ സി.ബി.ഐ അദ്ദേഹത്തിനെതിരെയുള്ള കേസ് പിൻവലിക്കുകയും 1998-ൽ സുപ്രീം കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയും ചെയ്തു.