ന്യൂഡൽഹി : പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യ ആസുത്രകൻ എന്ന് കരുതപ്പെടുന്ന പാക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് നേതാവ് മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന പ്രമേയം യു.എൻ രക്ഷാസമിതിയിൽ വീണ്ടും പരാജയപ്പെട്ടു. പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞമാസം 27നാണ് മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന പ്രമേയം രക്ഷാസമിതിയിൽ യു.എസ്., ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാജ്യങ്ങൾ കൊണ്ടുവന്നത്. എന്നാൽ രക്ഷാസമിതിയിൽ സ്ഥിരാംഗമായ ചൈന വീറ്റോ അധികാരം പ്രയോഗിക്കുകയായിരുന്നു. ഇന്നലെ രാത്രയായിരുന്നു പ്രമേയത്തിൻമേൽ വോട്ടെടുപ്പ് നടന്നത്. ഇത് നാലാം തവണയാണ് ചൈന പാക് ഭീകരന്റെ രക്ഷയ്‌ക്കെത്തുന്നത്.
മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്ന പ്രമേയം പരാജയപ്പെട്ടതിൽ കടുത്ത നിരാശയുണ്ടെന്നും എന്നാൽ ഇത്തരം ഭീകരൻമാരെ നിയമത്തിന് മുന്നിൽ കൊണ്ട്വരാൻ സാദ്ധ്യമായതെല്ലാം ഇനിയും ചെയ്യുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറയുന്നു. പ്രമേയത്തിന്മേൽ അംഗങ്ങളുടെ നിലപാട് അറിയിക്കാൻ അംഗരാജ്യങ്ങൾക്ക് യു.എൻ. പത്തുദിവസത്തെ സമയം അനുവദിച്ചിരുന്നു. ഇത് ബുധനാഴ്ച രാത്രി 12.30ന് അവസാനിച്ചതിനെത്തുടർന്നാണ് വോട്ടെടുപ്പ് നടന്നത്. എന്നാൽ രക്ഷാസമിതിയിൽ പ്രമേയം പരാജയപ്പെട്ടുവെങ്കിലും മസൂദ് അസ്ഹർ ആഗോളഭീകരൻതന്നെയെന്ന് യു.എസ് ആവർത്തിച്ചു.