തിരുവനന്തപുരം: റോഡരികിൽ നിന്ന് വെള്ളം കുടിക്കുകയായിരുന്ന യുവാവിനെ പട്ടാപ്പകൽ റോഡിലിട്ട് മർദ്ദിച്ച് അവശനാക്കുക, ശേഷം ബൈക്കിൽ തട്ടിക്കൊണ്ട് പോകുക. പിന്നേറ്റ് പകൽ യുവാവിനെ കൊലപ്പെടുത്തിയ നിലയിൽ കുറ്റിക്കാട്ടിൽ കണ്ടെത്തുക. ഉത്സവത്തിനിടെയുണ്ടായ തർക്കത്തിന്റെ പ്രതികാരം തീർക്കാൻ മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കും വിധം നടപ്പിലാക്കിയ അരുംകൊലയ്ക്കാണ് ഇന്നലെ തലസ്ഥാനം സാക്ഷിയായത്.
ഉത്സവത്തിനിടെയുണ്ടായ വാക്ക് തർക്കത്തിന് ഇരുപതുകാരന് ജീവൻ തന്നെ വില നൽകേണ്ടി വന്നു.? നഗര മദ്ധ്യത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കൊഞ്ചിറവിള ഗിരീഷ് ഭവനിൽ അനന്തു ഗിരീഷിന്റെ (21) വേർപാടാണ് സുഹൃത്തുക്കളിലും ബന്ധുക്കളിലും നാട്ടുകാരിലും ഒരുപോലെ വേദനയുണ്ടാക്കിയിരിക്കുന്നത്. മർദ്ദിച്ച് അവശനാക്കിയശേഷം രണ്ട് കൈകളിലെയും കാലുകളിലെയും ഞരമ്പുകൾ മുറിച്ച് അനന്തുവിനെ മൃതപ്രായനാക്കിയവർക്ക് കരുതിക്കൂട്ടി കൊലപാതകം ചെയ്യുക എന്നൊരു ലക്ഷ്യം മാത്രമേയുണ്ടായിരുന്നുള്ളൂ എന്നത് വ്യക്തമാണ്.
കഴിഞ്ഞ ദിവസം വൈകിട്ട് നാല് മണിയോടെ തളിയൽ അരശുംമൂടിന് സമീപം ബൈക്കിൽ റോഡരികിലിരിക്കുകയായിരുന്ന അനന്തുവിനെ മർദ്ദിച്ച് മറ്റൊരു ബൈക്കിൽ കയറ്റിക്കൊണ്ട് പോയെന്നാണ് പൊലീസ് പറയുന്നത്. ഒപ്പം അനന്തുവിന്റെ ബൈക്കും അക്രമി സംഘം കൊണ്ടുപോയി. ഫോണിൽ ബന്ധപ്പെട്ടിട്ടും അനന്തുവിനെ കിട്ടാത്തതിനെ തുടർന്ന് സംശയം തോന്നിയ സുഹൃത്തുക്കളാണ് പരാതിയുമായി വൈകിട്ട് അഞ്ച് മണിയോടെ ആദ്യം കരമന സ്റ്റേഷനിലെത്തുന്നത്. പൊലീസിന്റെയും സുഹൃത്തുക്കളുടെയും അന്വേഷണങ്ങൾ പല വഴിക്ക് നടക്കുമ്പോഴും തട്ടിക്കൊണ്ട് പോയ അരശുംമൂട്ടിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെ ജീവനായി പോരാടുകയായിരുന്നു അനന്തു. രാവിലെ കരമന കൈമനത്തിനടുത്തുള്ള ഒരു ബൈക്ക് ഷോറൂമിന് സമീപത്ത് അനന്തുവിന്റെ ബൈക്ക് കണ്ടതോടെ സംശയം തോന്നിയ കൂട്ടുകാരാണ് വിവരം പൊലീസിൽ അറിയിച്ചത്.
പൊലീസിന്റെ അനാസ്ഥയും ചർച്ചയാവുന്നു
പരാതി ലഭിച്ചിട്ടും പൊലീസ് വേണ്ട വിധത്തിൽ അന്വേഷണം നടത്താത്തതാണ് അനന്തുവിന്റെ ജീവനെടുത്തതെന്നാണ് ബന്ധുവും കോൺഗ്രസ് ജില്ലാ ഭാരവാഹിയുമായ വിനോദ് പറയുന്നത്. മൃതദേഹം കണ്ടെത്തിയ സ്ഥലവും കരമന പൊലീസ് സ്റ്റേഷനുമായി അകലം 200 മീറ്റർ മാത്രമാണ്. കാണാതായ ആൾ ഇത്ര അടുത്തുണ്ടായിട്ടും കണ്ടെത്താൻ കഴിഞ്ഞില്ലെന്നത് പൊലീസിന്റെ വീഴ്ച തന്നെയാണെന്നാണ് ഇദ്ദേഹം പറയുന്നത്.
അതേസമയം യുവാവിനെ തട്ടിക്കൊണ്ടു പോയ സംഭവം അന്വേഷിക്കുന്നതിൽ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ കോരി സഞ്ജയ് കുമാർ ഗരുഡിൻ പറഞ്ഞു. യുവാവിനെ കാണാതായ വിവരം അറിഞ്ഞപ്പോൾ മുതൽ അന്വേഷണം വ്യാപിപ്പിച്ചിരുന്നുവെന്ന് കമ്മിഷണർ വ്യക്തമാക്കി.