തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യു.ഡി.എഫ് അനായാസ വിജയം നേടുമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധി പറഞ്ഞു. "സഖ്യകക്ഷികളുടെ സഹകരണത്തോടെ കേരളത്തിൽ ഭൂരിപക്ഷം സീറ്റുകളും കോൺഗ്രസ് സ്വന്തമാക്കും. ബി.ജെ.പിക്കെതിരായാണ് കോൺഗ്രസിന്റെ പ്രധാന പോരാട്ടമെന്നും" അദ്ദേഹം പറഞ്ഞു. ഒരു പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സു തുറന്നത്.
അതേസമയം, കേന്ദ്രത്തിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷിഭരണം വരികയാണെങ്കിൽ സി.പി.എമ്മിനെ ക്ഷണിക്കുമോ എന്ന ചോദ്യത്തിനു മുഴുവൻ പ്രതിപക്ഷവും ബി.ജെ.പിക്കും നരേന്ദ്ര മോദിക്കും എതിരെ ഒറ്റക്കെട്ടാണെന്നാണ് രാഹുലിന്റെ മറുപടി. ബി.ജെ.പിയുടെ സഖ്യകക്ഷികൾ പോലും മോദിയുടെ നയങ്ങളിൽ അസന്തുഷ്ടരാണെന്നും രാഹുൽ പറഞ്ഞു. സഖ്യധാരണകളുണ്ടാക്കുന്നതിൽ അതതു സംസ്ഥാനങ്ങളിലെ പാർട്ടി നേതൃത്വത്തിനു പ്രധാന പങ്കുണ്ട്.
"ബംഗാളിൽ ഇടതുപക്ഷവുമായി ചേർന്നു പ്രവർത്തിക്കുന്ന ഞങ്ങൾ കേരളത്തിൽ അവരെ എതിർക്കുന്നു. ഇവ തമ്മിൽ ബന്ധമില്ല’–രാഹുൽ വിശദീകരിച്ചു. പ്രതീക്ഷിക്കുന്നതിലും മികച്ച പ്രകടനം കോൺഗ്രസ് കാഴ്ച വയ്‌ക്കും. യു.പി.എയ്‌ക്ക് മുന്നണിക്കു ഭൂരിപക്ഷം ഉറപ്പായും ലഭിക്കും. ബി.ജെ.പി ഭരണത്തിനെതിരെ കേരളത്തിലും പോരാട്ടം തുടരുക തന്നെചെയ്യും.
സഖ്യകക്ഷികളുടെ വികാരങ്ങളെ ഉൾക്കൊള്ളുന്ന കോൺഗ്രസിന്റെ നേതൃത്വത്തിൽ ലോക‌്സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് അനായാസ വിജയം നേടും എന്നതിൽ സംശയമില്ല. സംസ്ഥാനം നേരിടുന്ന പ്രശ്നങ്ങളെ എൽ.ഡി.എഫ് മോശമായി കൈകാര്യം ചെയ്യുന്നുവെന്നും രാഹുൽ കുറ്റപ്പെടുത്തി. ശബരിമല അടക്കം പാരമ്പര്യവും വിശ്വാസവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ താൻ ഇടപെടാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ, കേരളത്തിലെ ജനങ്ങൾ പരസ്പരം സംസാരിച്ചു സമന്വയം ഉണ്ടാക്കുമെന്നാണു കോൺഗ്രസുകാരൻ എന്ന നിലയിൽ തനിക്കുള്ള ആത്മവിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.