തിരഞ്ഞെടുപ്പിന്റെ പടിവാതിക്കൽ നിൽക്കുമ്പോൾ രാജ്യം മുഴുവൻ കഴിഞ്ഞ ദിവസം ചർച്ച ചെയ്‌തത് ചെന്നൈ സ്‌റ്റെല്ലാ മേരീസ് കോളേജിലെ രാഹുൽ ഗാന്ധിയുടെ വിദ്യാർത്ഥിനികളുമായുള്ള സംവാദമായിരുന്നു. ഓരോ ചോദ്യവും ശ്രദ്ധാപൂർവ്വം കേട്ടു നിന്നതിന് ശേഷം കൃത്യവും സ്പഷ്ടവുമായി രാഹുലിന്റെ ഭാഗത്ത് നിന്നും വന്ന മറുപടികൾക്ക് നിറഞ്ഞ കൈയ്യടിയായിരുന്നു. സംവാദത്തിന്റെ വീഡിയോ നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തിരുന്നു. എന്നാൽ ഈ സംവാദം മുൻകൂട്ടി തയ്യാറാക്കിയതായിരുന്നു എന്ന ഗുരുതര ആരോപണവുമായി യുവാവ് രംഗത്ത് വന്നിരിക്കുകയാണ്.
മാത്യു ജെഫ് എന്നയാളാണ് രാഹുലിനോടുള്ള വിദ്യാർത്ഥിനികളുടെ ചോദ്യങ്ങൾ മൂന്ന് മണിക്കൂറുകൾക്ക് മുൻപേ എഴുതി വാങ്ങിയിരുന്നു എന്ന് ആരോപിക്കുന്നത്. ഈ കലാലയത്തിൽ തന്റെ പെങ്ങളുടെ മകൾ പഠിക്കുന്നുണ്ട്. രാഹുൽ ഗാന്ധിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് ചോദ്യങ്ങൾ ചോദിക്കാമെന്ന് പെങ്ങളുടെ മകൾ എന്നോട് പറഞ്ഞിരുന്നു.തുടർന്ന് സ്ത്രീ ശാക്തീകരണം സംബന്ധിച്ച ഒരു ചോദ്യം രാഹുലിനോട് ചോദിക്കാനായി താൻ പറഞ്ഞുകൊടുത്തുവെന്നും ഫേസ്ബുക്ക് പോസ്റ്റിൽ യുവാവ് പറയുന്നു.
എന്നാൽ പരിപാടിക്ക് മൂന്ന് മണിക്കൂറ് മുൻപ് കോളേജ് അധികൃതർ ചോദ്യം ചോദിക്കുന്ന കുട്ടികളോട് വരാൻ പറയുകയും ചോദ്യങ്ങൾ ഇവരിൽ നിന്നും ശേഖരിക്കുകയും ചെയ്തു. തന്റെ ബന്ധുവിന് കുഴപ്പിക്കുന്ന ചോദ്യം ആയതിനാൽ അത് ചോദിക്കാൻ അവസരം നൽകിയില്ലെന്നും അദ്ദേഹം ആരോപിക്കുന്നു. മൂന്ന് മണികൂർ മുൻപേ കിട്ടിയ ചോദ്യത്തിന് ട്യൂഷൻ എടുത്തു ഉത്തരങ്ങളും ആയി വന്നു നടന്ന ഒരു നാടകമായിരുന്നു കഴിഞ്ഞ ദിവസം സ്റ്റെല്ലാ മേരീസിൽ നടന്നതെന്നും തോമസ് ജെഫ് ആരോപിക്കുന്നു.