modi-trump

വാഷിംഗ്ടൺ: ഇന്ത്യയിൽ അമേരിക്കയുടെ ആറ് ആണവ നിലയങ്ങൾ സ്ഥാപിക്കാൻ ധാരണയായി. രാജ്യസുരക്ഷയും ആണവോർജ സഹവർത്തിത്വവും ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇരുരാജ്യങ്ങളും തീരുമാനത്തിലെത്തിയത്. ഇരുരാജ്യങ്ങളും സംയുക്തമായാണ് പ്രസ്താവന പുറത്തിറക്കിയത്.

ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയും യു.എസ് അന്താരാഷ്ട്ര സുരക്ഷാ വിഭാഗത്തിന്റെ ആൻഡ്രിയ തോംസണും നടത്തിയ രണ്ടു ദിവസത്തെ ചർച്ചയ്ക്കൊടുവിലാണ് ആണവ നിലയങ്ങൾ നിർമ്മിക്കുന്ന കാര്യത്തിൽ ധാരണയായത്. ഇതിനെ സംബന്ധിക്കുന്ന കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.

ആണവ നിലയങ്ങൾ സ്ഥാപിക്കുന്നതോടെ രാജ്യത്തിനാവശ്യമായ ഇന്ധന ലഭ്യത ഉറപ്പു വരുത്താൻ കഴിയും. ഒരു പതിറ്റാണ്ടായി ഇരുരാജ്യങ്ങളും തമ്മിൽ ഇക്കാര്യത്തിൽ നിരവധി ചർച്ചകൾ നടന്നിരുന്നു. ഒടുവിൽ ഇപ്പോൾ നടന്ന ചർച്ചയിലാണ് ഇക്കാര്യത്തിൽ ധാരണയായത്. ഇന്ത്യയുടെ ആഭ്യന്തര-അന്താരാഷ്ട്ര നയങ്ങളിലെ പ്രശ്നങ്ങളായിരുന്നു ഇതുവരെ ഇക്കാര്യത്തിൽ തടസമായിരുന്നത്.

2016ലും റിയാക്ടറുകൾ നിർമ്മിക്കാൻ കരാറായിരുന്നെങ്കിലും പദ്ധതികൾക്ക് ഒരു പുരോഗതിയും ഉണ്ടായിരുന്നില്ല.

പീറ്റേഴ്സ്ബർഗ് ആസ്ഥാനമായ വെസ്റ്റി‌ങ് ഹൗസ് ഇന്ത്യയിൽ ആണവറിയാക്ടറുകൾ സ്ഥാപിക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. എന്നാൽ 2017ൽ വെസ്റ്രിംഗ് ഹൗസിന് സംഭവിച്ച സാമ്പത്തിക പ്രതിസന്ധി കാരണം പദ്ധതികൾക്ക് തടസപെടുകയായിരുന്നു. 2024 ആകുമ്പോഴേക്കും രാജ്യത്തിന്റെ ആണവോർജ്ജ ശേഷി മൂന്നിരട്ടിയാക്കാനുള്ള നീക്കത്തിലാണ് ഇന്ത്യ. ആണവ റിയാക്ടറുകൾ സ്ഥാപിക്കാനായി കഴിഞ്ഞ ഒക്ടോബറിൽ റഷ്യയുമായും ഇന്ത്യ കരാർ ഒപ്പു വെച്ചിരുന്നു.