തിരുവനന്തപുരം: ലോക്‌സഭാ സീറ്റിനെ ചൊല്ലി കേരള കോൺഗ്രസിലുണ്ടായ സീറ്റ് തർക്കത്തിൽ കോൺഗ്രസ് ഹൈക്കമാൻഡും അതൃപ്‌തി അറിയിച്ചു. വിഷയത്തിൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി വിശദീകരണം തേടി. തർക്കം മറ്റ് സീറ്റുകളിലെ ജയസാധ്യതയെയും, സമീപ സീറ്റുകളെയും ബാധിച്ചേക്കുമെന്നാണ് ഹൈക്കമാൻഡ് വിലയിരുത്തൽ. അതേസമയം, കേരളാ കോൺഗ്രസിലെ സീറ്റ് തർക്കത്തിൽ മൃദുസമീപനം വേണ്ടെന്ന് കോൺഗ്രസിൽ ഒരുവിഭാഗം വിശദമാക്കിയിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞടുപ്പിൽ മത്സരിക്കാനില്ലെന്ന് മുതിർന്ന നേതാക്കൾ രാഹുലിനെ അറിയിച്ചതായും സൂചനയുണ്ട്.
അതിനിടെ, കോട്ടയത്തെ സീറ്റ് തർക്കത്തിൽ ചർച്ച തുടരുന്നുവെന്ന് പി.ജെ ജോസഫ് വ്യക്തമാക്കി. ശുഭാപ്തി വിശ്വാസം ഉണ്ടെന്നും പല നിർദ്ദേശങ്ങളും ഉയർന്നുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാളെ വൈകിട്ടോടെ തീരുമാനം ഉണ്ടാകുമെന്ന് ജോസഫ് പറഞ്ഞു. എന്നാൽ, യാതൊരു വിട്ടുവീഴ്‌ചയ്‌ക്കും തയ്യറാല്ലെന്നാണ് മാണി വിഭാഗത്തിന്റെ നിലപാട്. വിഷയത്തിൽ രാഹുൽ ഗാന്ധി ഇടപെടുകയും കോൺഗ്രസ് നേതൃത്വം നിലപാട് കടുപ്പിക്കുകയും ചെയ്‌താൽ കേരളാ കോൺഗ്രസും പി.ജെ.ജോസഫും വിട്ടുവീഴ്‌ചയ്‌ക്ക് തയ്യാറായേക്കുമെന്നും വിവരമുണ്ട്.