money

ചിലർക്ക് രാവിലെ എഴുന്നേറ്റ് വീടിന്റെ വാതിൽ തുറക്കുമ്പോൾ മുറ്റത്ത് ഒരു കെട്ട് നിറയെ പണം,​ ചിലർക്ക് വീട്ടിലേക്ക് തപാലിലും എത്തുന്നു. കുറച്ചു ദിവസങ്ങളായി സ്‌പെയിനിലെ ഒരു കൂട്ടം ഗ്രാമവാസികൾ തലയ്ക്ക് കൈയും വച്ച് നിൽപ്പാണ്. എവിടുന്നാണ് ഇത്രയും പണം തങ്ങൾക്ക് എത്തിച്ചേരുന്നതെന്ന് ആർ‌ക്കും ഒരു പിടിയുമില്ല. ഇതിന്റെ ഉറവിടം അന്വേഷിച്ച് നടന്നവർക്ക് ആരാണ് ഇത്രയും പണം വയ്ക്കുന്നതെന്ന് ഇതുവരെയും കണ്ടെത്താനായില്ല.

സ്‌പെയിനിലെ വില്ലാറമിയേൽ എന്ന ഗ്രാമത്തിലാണ് എല്ലാവരെയും അതിശയിപ്പിക്കുന്ന സംഭവം നടന്നത്. ഇതുവരെ 15 പേർക്ക് പണം കിട്ടി കഴിഞ്ഞു. 100 യൂറോയ്ക്ക് മുകളിലാണ് ഓരോരുത്തർക്കും ലഭിച്ചിരിക്കുന്നത്. 800 ഓളം താമസക്കാർ മാത്രമുളള ഗ്രാമത്തിലാണ് പണം എത്തുന്നത്. മേയർ നൂരിയ സൈമൺ ഇത് സംബന്ധിച്ച് സ്ഥിരീകരണം നടത്തിയിട്ടുമുണ്ട്. വില്ലാറമിയേലിലെ റോബിൻഹുഡ് എന്നാണ് ആ അജ്ഞാതനെ സ്‌പാനിഷ് മാദ്ധ്യമങ്ങൾ വിളിക്കുന്നത്.

എന്ത് ഉദ്ദേശത്തിലാണ് ഇങ്ങനെ പണം എത്തിക്കുന്നതെന്ന് ആർക്കും അറിയില്ല. ഗ്രാമത്തിലെ ജനങ്ങളെ കുറിച്ച് വ്യക്തമായി അറിയുന്നവരാണ് പണം എത്തിക്കുന്നതെന്ന് മേയർ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇതുവരെ പണം ലഭിച്ചവർ ബാങ്കിനെയും പൊലീസിനെയും വിവരം അറിയിച്ചെങ്കിലും സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ഒന്നും നടന്നിട്ടില്ല. ഈ വീട്ടിലെ രാജകുമാരിക്ക് വേണ്ടിയാണ് പണം അയയ്ക്കുന്നതെന്നും ഇത് നിങ്ങൾ സ്വീകരിക്കണമെന്നും പണത്തിന്റെ കൂടെ എഴുതിയിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ ഇത് ഒരു കുറ്റകൃത്യമല്ലാത്തത് കൊണ്ട് കേസെടുക്കാനാവാതെ കുടങ്ങിയിരിക്കുകയാണ് പൊലീസ്.