വാഷിംഗ്ടൺ: ലോകത്തിലെ തന്നെ ഏറ്റവും വലിയ സോഷ്യൽ മീഡിയ ശൃംഖലയായ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നിവയുടെ സേവനങ്ങൾ ലോകമെമ്പാടും തടസപ്പെട്ടു. മീഡിയ ഫയലുകൾ അപ്‌ലോഡ് ചെയ്യാനും ഷെയർ ചെയ്യാനും സാധിച്ചിരുന്നില്ല. ഇന്ത്യൻ സമയം രാത്രി പത്തു മണിയോടെയാണ് ഇരുമാദ്ധ്യമങ്ങളിലും പ്രശ്നങ്ങൾ നേരിട്ടത്. അതേസമയം ഫേസ്ബുക്ക് മെസഞ്ചറിൽ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല എന്നാണ് റിപ്പോർട്ടുകൾ.
ഫേസ്ബുക്ക് തുറക്കാൻ സാധിച്ചിരുന്നെങ്കിലും പുതിയ പോസ്റ്റുകൾ ഇടാനോ നിലവിലുള്ള പോസ്റ്റുകളിൽ കമന്റ് ചെയ്യാനോ സാധിച്ചിരുന്നില്ല. പലർക്കും ലോഗിൻ ചെയ്യാനും സാധിച്ചിരുന്നില്ലെന്നും പരാതികൾ ഉണ്ട്. ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സാപ്പിലും സമാനമായ പ്രശ്നങ്ങൾ നേരിട്ടതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. മീഡിയ ഫയലുകൾ ഷെയർ ചെയ്യുന്നതിലും പലർക്കും തടസങ്ങൾ നേരിട്ടിരുന്നു.
പരാതികൾ ഉയർന്നതിനെ തുടർന്ന് ഫേസ്ബുക്ക് അധികൃതർ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. പ്രശ്നം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും പരിഹരിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും ഫേസ്ബുക്ക് അധികൃതർ ട്വിറ്ററിലൂടെ അറിയിച്ചു. അതേസമയം പ്രശ്നം ഡി-ഡോസ് അറ്റാക്ക് മൂലം സംഭവിച്ചതല്ലെന്നും ഫേസ്ബുക്ക് അധികൃതർ അറിയിച്ചിട്ടുണ്ട്.