ന്യൂഡൽഹി: പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ അത്ര നല്ല മനുഷ്യനാണെങ്കിൽ ആദ്യം ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിനെ ഇന്ത്യയ്‌ക്ക് വിട്ടുതരട്ടെയെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പറഞ്ഞു. പാകിസ്ഥാൻ ആദ്യം അവരുടെ മണ്ണിൽ തീവ്രവാദത്തിനെതിരെ നടപടിയെടുക്കട്ടെയെന്നും, ചർച്ചയും തീവ്രവാദവും ഒരുമിച്ച് കൊണ്ടുപോകാനാവില്ലെന്നും സുഷമ സ്വരാജ് കൂട്ടിച്ചേർത്തു. "ജെയ്‌ഷെ മുഹമ്മദിനു വേണ്ടി പാകിസ്ഥാൻ സൈന്യം ഇന്ത്യയെ എന്തിന് ആക്രമിക്കണം? ജെയ്‌ഷെ മുഹമ്മദിനെ സ്വന്തം മണ്ണിൽ വച്ചുപൊറുപ്പിക്കുക മാത്രമല്ല നിങ്ങൾ ചെയ്യുന്നത്.
പകരം അവർക്ക് ഫണ്ട് ചെയ്യുകയാണ്. എന്നിട്ട് അവരുടെ ഇരയാകുന്ന രാജ്യം തിരിച്ചടിക്കുമ്പോൾ നിങ്ങൾ തീവ്രവാദ ഗ്രൂപ്പുകൾക്ക് വേണ്ടി വീണ്ടും അക്രമം നടത്തുന്നു. പാകിസ്ഥാൻ പ്രാധാനമന്ത്രി ഇമ്രാൻഖാൻ ഇതിനു മാത്രം ഉദാരവാനും രാജ്യതന്ത്രജ്ഞനുമാണൈങ്കിൽ ആദ്യം മസൂദ് അസറിനെ വിട്ടു തരട്ടെ"- സുഷമ സ്വരാജ് പറഞ്ഞു.
"1969ൽ ഒ.ഐ.സിയുടെ സമ്മേളനത്തിൽ എത്തിയിട്ടും പാകിസ്ഥാന്റെ എതിർപ്പിനെ തുടർന്ന് ഇന്ത്യയ്‌ക്ക് പങ്കെടുക്കാനായിരുന്നില്ല. അവസരം നിഷേധിക്കപ്പെട്ട ഇന്ത്യ അവിടെ അപമാനിക്കപ്പെട്ടു. എന്നാൽ, 50 വർഷത്തിനു ശേഷം ഇന്ത്യ വിശിഷ്ടാതിഥിയായി ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു. അവിടെ പാകിസ്ഥാന്റെ കസേര ഒഴിഞ്ഞു കിടന്നു" വെന്നും സുഷമ പറഞ്ഞു.