sslc

പേരാമ്പ്ര : കോഴിക്കോട് ജില്ലയിലെ കായണ്ണ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ പരീക്ഷയെഴുതിയ വിദ്യാർത്ഥികളുടെ ഉത്തരകടലാസുകൾ റോഡിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം നടന്ന മലയാളം, സംസ്‌കൃതം, അറബിക് പരീക്ഷകളുടെ ഉത്തരക്കടലാസുകളാണ് കെട്ടിയനിലയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടത്.കാൽനട യാത്രക്കാരനാണ് ഉത്തരകടലാസുകൾ ലഭിച്ചത്. സ്‌കൂളിൽ നിന്ന് ഒരു കിലോമീറ്റർ അകലെ കുറ്റിവയലിലാണ് സംഭവം. അന്വേഷണത്തിൽ ഉത്തരകടലാസുകൾ തിരുവനന്തപുരത്തേയ്ക്ക് അയക്കുവാനായി സുരക്ഷയൊന്നുമില്ലാതെ സ്‌കൂൾ ജീവനക്കാരൻ ബൈക്കിൽ ഹെഡ്‌പോസ്‌റ്റോഫീസിലേക്ക് കൊണ്ട്‌പോവുകയായിരുന്നു എന്ന് മനസിലായി. ബൈക്കിൽ നിന്നും പ്ലാസ്റ്റിക് കവറുകൾ റോഡിലേക്ക് തെറിച്ച് വീണതാണെന്ന് കരുതുന്നു. എന്നാൽ ബൈക്കിൽ പോകവെ തലകറങ്ങി വീണെന്നാണ് ഓഫിസ് അസിസ്റ്റന്റ് മൊഴി നൽകിയിരിക്കുന്നത്.

സംഭവം വിവാദമായതോടെ കോഴിക്കോട് ഉപ വിദ്യാഭ്യാസ ഡയറക്ടർ സ്‌കൂളിലെത്തി അന്വേഷണം ആരംഭിച്ചു. തുടർന്ന് പൊലീസ് കാവലിൽ സ്‌കൂളിൽ സൂക്ഷിച്ച ഉത്തരക്കടലാസുകൾ ഇന്ന് തിരുവനന്തപുരത്തേയ്ക്ക് അയക്കാൻ തീരുമാനിച്ചു. പരീക്ഷാചുമതലകളിൽ നിന്നും സ്‌കൂൾ ജീവനക്കാരനെ വിലക്കിയിട്ടുമുണ്ട്.