റാസൽഖൈമ: ക്രൂസ് സംവിധാനം തകരാറിലായി അമിതവേഗത്തിൽ പാഞ്ഞുകൊണ്ടിരുന്ന കാറിൽ നിന്നും യുവാവിനെ സാഹസികമായി രക്ഷിച്ച ദുബായ് പൊലീസിന് സോഷ്യൽ മീഡിയയുടെ കൈയ്യടി. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം.
യു.എ.ഇ സ്വദേശിയായ യുവാവ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലൂടെ അതിവേഗത്തിൽ സഞ്ചരിക്കുമ്പോഴാണ് വാഹനത്തിന്റെ വേഗത നിയന്ത്രിക്കുന്ന ക്രൂസ് സംവിധാനം തകരാറിലായത്. 140കിലോമീറ്റർ വേഗതയിൽ നിയന്ത്രിക്കാനാവാതെ പാഞ്ഞ കാറിൽ നിന്നും യുവാവ് പൊലീസിന്റെ സഹായം തേടി. തന്റെ ജീവിതം ഇതോടെ അവസാനിക്കുമെന്ന് കരുതിയ സമയത്ത് ദൈവദൂതരായി പൊലീസ് സംഘം സ്ഥലത്തെത്തിയെന്ന് യുവാവ് പറയുന്നു. റാസൽഖൈമ ട്രാഫിക്ക് മേധാവിയായ കേണൽ അഹമ്മദ് അൽസം അൽ നഖ്ബിയുടെ നേതൃത്വത്തിൽ സംഭവസ്ഥലത്തേക്ക് ആംബുലൻസ് ഉൾപ്പെടെ ഒരു സംഘം പൊലീസ് വ്യൂഹം കുതിച്ചെത്തി. റോഡിലെ തിരക്ക് കുറയ്ക്കാനായി പൊലീസ് മറ്റ് വാഹനങ്ങൾ റോഡിൽ നിന്ന് നീക്കാനുള്ള നടപടികളും സ്വീകരിച്ചു.
പൊലീസ് ഫോണിലൂടെ യുവാവുമായി ബന്ധപ്പെട്ട് വാഹനം നിയന്ത്രിക്കാനുള്ള നിർദേശങ്ങൾ നൽകുകയും യുവാവിനെ ആശ്വസിപ്പിക്കുകയും ചെയ്തു. നിയന്ത്രണവിധേയമാക്കിയ വാഹനം സുരക്ഷിതമായി നിർത്തുകയും ചെയ്തു. വാഹനങ്ങളുടെ സാങ്കേതിക സംവിധാനങ്ങൾ ഇടയ്ക്കിടെ പരിശോധിക്കണമെന്ന ഉപദേശം നൽകിയ ശേഷമാണ് പൊലീസ് മടങ്ങിയത്.