yousafali

ശതകോടീശ്വരൻമാരായ നാന്നൂറിൽ ഒരാൾ. മലയാളിയായ ഏറ്റവും വലിയ സമ്പന്നൻ. ഇന്ത്യയിലും ഗൾഫിലും ഉൾപ്പെടെ 28 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ലുലു ഗ്രൂപ്പിന്റെ അധിപൻ. മുസലിയാം വീട്ടിൽ അബ്ദുൾ ഖാദർ യൂസഫലി അഥവാ എം.എ. യൂസഫലി പക്ഷേ, വന്നവഴി മറക്കുന്നില്ല. രാഷ്ട്രത്തലവൻമാർക്കും ബിസിനസ് മേധാവികൾക്കും പുറമെ, നാൽപ്പതിനായിരത്തിലേറെ വരുന്ന ജീവനക്കാർക്കും ഇദ്ദേഹം 'യൂസഫ് ഭായ്' ആണ്. കാരണം 'സർ' എന്ന വിളി യൂസഫലി ഇഷ്ടപ്പെടുന്നില്ല.

ലോകം അറിയുന്ന ഈ ബിസിനസുകാരന്റെ വളർച്ച എല്ലാവരെയും അസൂയപ്പെടുത്തുന്ന തരത്തിലായിരുന്നു. എല്ലാത്തിനും പിന്നിൽ അദ്ദേഹത്തിന്റെ കഠിനാധ്വാനം മാത്രമാണെന്ന് നിസംശയം പറയാം. നാലരപതിറ്റാണ്ടു നീളുന്ന കച്ചവട ജീവിതത്തിൽ അദ്ദേഹത്തിന്റെ തണലിൽ ജീവിതം കെട്ടിപ്പൊക്കിയവർ എണ്ണത്തിൽ അത്ര ചെറുതൊന്നുമല്ല. സൂപ്പർ മാർക്കറ്റുകളുടെയും ഹൈപ്പർ മാർക്കറ്റുകളുടെയും ഒരു നിര തന്നെ അദ്ദേഹം ലോകത്തിന്റെ വിവിധ കോണുകളിൽ കെട്ടിപ്പൊക്കി. ഇതിനെല്ലാം പുറമെ ഗൾഫ് ഭരണാധികാരികളുടെ പ്രിയപ്പെട്ടവനും വിശ്വസ്തനും ആവാൻ അദ്ദേഹത്തിന് സാധിച്ചു.

അത് മറ്റൊന്നുംകൊണ്ടല്ല,​ പറയുന്ന വാക്കു പാലിക്കാനും അവ പാലിച്ചെന്നു കൃത്യമായി ബോദ്ധ്യപ്പെടുത്താനും യൂസഫലി വളരെയധികം ശ്രദ്ധിക്കുന്നു. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മൂന്നു കൊല്ലത്തിനുള്ളിൽ പത്തു ഹൈപ്പർ മാർക്കറ്റുകൾ ബഹ്റിനിൽ ആരംഭിക്കുമെന്നും മൂവായിരം സ്വദേശികൾക്ക് ജോലി നൽകുമെന്നും യൂസഫലി ഭരണാധികാരികൾക്ക് വാക്ക് നൽകിയത്. കഴിഞ്ഞ മാസം ബഹ്‌റിൻ കിരീടാവകാശിയെ കണ്ടപ്പോൾ യൂസഫലി അദ്ദേഹത്തോട് വ്യക്തമാക്കിയത് താൻ പറഞ്ഞ വാക്ക് കൃത്യമായി പാലിച്ചെന്നായിരുന്നു.


സ്വന്തം രാജ്യത്ത് ഇത്രയും കാര്യങ്ങൾ ചെയ്ത വ്യക്തിയെ പിന്നീടു കിരീടാവകാശി എങ്ങനെയാവും സ്വീകരിക്കുക. യൂസഫലിയുടെ വളർച്ചയ്ക്കു വേഗം കൂട്ടിയ ഇതുപോലെ എത്രയോ സംഭവങ്ങൾ. വിശ്വാസമുള്ളവരെ വിശ്വസ്തയോടെ കാര്യങ്ങൾ ഏൽപിക്കാനും ആരും മടിക്കില്ല എന്നതാണു സത്യം. ഇതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് യൂസഫലിയുടെ ജീവിതം.