പത്തനംതിട്ട : സ്ത്രീകളുടെ കൂട്ടുകാരി, അക്രമങ്ങളിൽ പെടുന്ന സ്ത്രീകൾ വിളിച്ചാൽ വിളിപ്പുറത്ത് ഞൊടിയിടയിലെത്താൻ വേണ്ടി നമ്മുടെ സംസ്ഥാനത്ത് രൂപീകരിച്ചതാണ് പിങ്ക് പൊലീസ്. സംസ്ഥാനത്തെ മിക്ക നഗരങ്ങളിലും പിങ്ക് പെട്രോളെന്നപേരിൽ റോന്ത് ചുറ്റുന്ന ഈ പൊലീസ് വിഭാഗത്തിന്റെ വ്യത്യസ്തമായ ഒരു മുഖമാണ് കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ കാണാനായത്. വളരെ തിരക്കേറിയ പത്തനംതിട്ട സ്റ്റേഡിയത്തിന് സമീപത്തെ റിംഗ് റോഡിൽ വഴിയോര കച്ചവടക്കാരിയിൽ നിന്നും നാരങ്ങവെള്ളം വാങ്ങുന്ന പിങ്ക് പൊലീസിന്റെ ചിത്രങ്ങളാണ് ഇത്.
റോഡിന് എതിർവശത്തായി നിർത്തിയിട്ട പൊലീസ് വാഹനത്തിലേക്ക് അപകടകരമായി വാഹനങ്ങൾ ചീറിപായുന്ന റോഡ് മറികടന്ന് നാരങ്ങവെള്ളം എത്തിച്ച് നൽകാൻ പൊലീസ് ഉദ്യോഗസ്ഥ ആവശ്യപ്പെടുകയായിരുന്നു. തണുത്തവെള്ളം നൽകിയശേഷം ഒഴിഞ്ഞ ഗ്ലാസുമായി വഴിയോര കച്ചവടം ചെയ്യുന്ന സ്ത്രീ മടങ്ങുന്നതും ചിത്രത്തിൽ കാണാം. അധികാരത്തിന്റെ മുഷ്‌കിൽ ഒരു സ്ത്രീയോട് ഇത് കാണിക്കുന്നതും സ്ത്രീ പൊലീസുകാരിയാണെന്നതാണ് ഇതിലെ ദുഖകരമായ വസ്തുത.