കാസർകോട്: പെരിയയിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നീതി ഉറപ്പാക്കുമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു. കൃപേഷിന്റെയും, ശരത് ലാലിന്റെയും വീടുകൾ സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.‘ഇത് ദുഃഖിക്കുന്ന കുടുംബത്തിനുള്ള എന്റെ വാഗ്‌ദാനമാണ്. നീതി ഉറപ്പാക്കും. ഇതു ചെയ്തവരോടും പറയാനും ഇതേയുള്ളൂ’ - രാഹുൽ പറഞ്ഞു.
പെരിയയിലെ കേന്ദ്ര സർവകലാശാല ക്യാംപസിൽ ഹെലികോപ്റ്ററിലിറങ്ങിയ രാഹുൽ കൃപേഷിന്റെ വീടാണ് ആദ്യം സന്ദർശിച്ചത്. കൃപേഷിന്റെ കുടുംബത്തിന് ഹൈബി ഈഡൻ എം.എൽ.എയുടെ നേതൃത്വത്തിലുള്ള ‘തണലിന്റെ’ കീഴിൽ നിർമിക്കുന്നു വീടും രാഹുൽ സന്ദർശിച്ചു. കുടുംബത്തിന് നീതി ഉറപ്പാക്കുമെന്നും രാഹുൽ വ്യക്തമാക്കി.