tom-vadakkan

തിരുവനന്തപുരം: കോൺഗ്രസിൽ നിന്നും രാജിവച്ച് മുതിർന്ന നേതാവ് ടോം വടക്കൻ കേരളത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ചേക്കുമെന്ന് സൂചന. വിജയസാദ്ധ്യതയുള്ള തൃശൂരിലോ ചാലക്കുടിയിലേ മത്സരിപ്പിക്കാനാണ് സാദ്ധ്യത. കോൺഗ്രസിന്റെ നിലപാടിൽ പ്രതിഷേധിച്ച് മണിക്കൂറുകൾക്ക് മുമ്പാണ് ടോം വടക്കൻ പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്നത്. ബി.ജെ.പിയുടെ സ്ഥാനാർത്ഥി പട്ടിക ഇതുവരെ പ്രഖ്യാപിക്കാത്ത സാഹചര്യത്തിൽ സ്ഥാനാർത്ഥി സാദ്ധ്യത തള്ളിക്കളയാനാവില്ലെന്നാണ് നേതൃത്വം നൽകുന്ന സൂചന.

നേരത്തെ,​ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിൽ നിന്നാണ് ടോം വടക്കൻ ബി.ജെ.പിയിൽ അംഗത്വം സ്വീകരിച്ചത്. പുൽവാമ ഭീകരാക്രമണത്തിൽ കോൺഗ്രസ് സ്വീകരിച്ച നിലപാടിൽ പ്രതിഷേധിച്ചാണ് രാജി. ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും അംഗത്വം നൽകിയതിൽ ടോം വടക്കൻ നന്ദി അറിയിച്ചിരുന്നു.

തൃശൂർ സ്വദേശിയായ ടോം വടക്കൻ വർഷങ്ങളായി ഡൽഹി കേന്ദ്രീകരിച്ച് കോൺഗ്രസ് വക്താവായി പ്രവർത്തിച്ചുവരികയായിരുന്നു. പാർട്ടിയെ പ്രതിനിധീകരിച്ച് ദേശീയ വിഷയങ്ങളിൽ ചാനൽ ചർച്ചകളിൽ പങ്കെടുത്തിരുന്നത് അദ്ദേഹമായിരുന്നു. മുൻ എഐസിസി ജനറൽ സെക്രട്ടറി കൂടിയാണ് ടോം വടക്കൻ.