കാസർഗോഡ്: പെരിയ രാഷ്ട്രീയ കൊലപാതകത്തിന്റെ ഇരകളായ കൃപേഷിന്റെയും ശരത് ലാലിന്റെയും വീടുകളിൽ കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി സന്ദർശനം നടത്തി. ഇരുവരുടെയും കുടുംബാംഗങ്ങളെ കാണുകയും ആശ്വസിപ്പിക്കുകയും ചെയ്ത ശേഷമാണ് അദ്ദേഹം മടങ്ങിയത്.
കൃപേഷിന്റെ വീട്ടിലെത്തിയ രാഹുൽ ഗാന്ധി പതിനഞ്ച് മിനിറ്റ് നേരമാണ് അദ്ദേഹം കൃപേഷിന്റെ വീട്ടിൽ ചിലവഴിച്ചത്. കുടുംബത്തിലുള്ളവരെ ആശ്വസിപ്പിക്കുകയും കൃപേഷിന്റെ സഹോദരിമാരോട് സംസാരിക്കുകയും നന്നായി പഠിക്കണമെന്ന് പറയുകയും ചെയ്തു. കോൺഗ്രസ് നേതൃത്വം പണികഴിപ്പിക്കുന്ന കൃപേഷിന്റെ വീടും സന്ദർശിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. കേരളത്തിന്റെ മുഖ്യമന്ത്രി എത്താത്ത വീട്ടിലേക്ക് രാഹുൽ ഗാന്ധി എത്തിയത് വളരെ സന്തോഷമുണ്ടെന്ന് കൃപേഷിന്റെ അച്ഛൻ പ്രതികരിച്ചു.
പാർട്ടി ചെയ്ത കുറ്റമാണെന്ന് ഉറപ്പുള്ളതിനാലാണ് മുഖ്യമന്ത്രി വീട് സന്ദർശിക്കാൻ വരാതിരുന്നതെന്ന് കൃപേഷിന്റെ അച്ഛൻ കുറ്റപ്പെടുത്തി.. അദ്ദഹം പാർട്ടിയുടെ മുഖ്യമന്ത്രിയല്ല. ഓരോ ജനങ്ങളുടെയും മുഖ്യമന്ത്രിയാണ്. ഞങ്ങളുടെ വീട് സന്ദർശിക്കാൻ മുഖ്യമന്ത്രിക്ക് പൂർണ അധികാരമുണ്ടായിട്ടും അദ്ദേഹം വീട് സന്ദർശിക്കാൻ തയ്യാറായില്ലെന്നും കൃപേശിന്റെ അച്ഛൻ പറഞ്ഞു.
രാഹുൽ ഗാന്ധി എല്ലാ സഹായവും ഉറപ്പുനൽകിയെന്ന് കൃപേഷിന്റെ അച്ഛൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. സി.ബി.ഐ അന്വേഷണത്തിന് നിയമപരമായ സഹായം നൽകാമെന്ന് രാഹുൽ ഗാന്ധി ഉറപ്പു നൽകിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.