ഒറ്റ ദിവസം കൊണ്ട് തന്റെ മുഖ്യമന്ത്രി കസേര തെറിക്കുമോ?
രാഹുലിന് അതായിരുന്നു ഏറ്റവും പേടി.
വിക്രമനെയും സാദിഖിനെയും ചതച്ചു പിഴിഞ്ഞിട്ട് അരുണാചലം എന്തൊക്കെ സത്യങ്ങൾ ഛർദ്ദിപ്പിച്ചിട്ടുണ്ടാവും?
അടുത്ത നിമിഷം ഒരു കാർ കൂടി ഗേറ്റുകടന്ന് വന്നു.
രാഹുൽ എത്തിനോക്കി.
പന്തലിന്റെ വിടവിലൂടെ കാറിൽ നിന്നിറങ്ങുന്ന ആളിനെ കണ്ടു... വേലായുധൻ മാസ്റ്റർ!
അയാളും അരുണാചലവും എല്ലാവരും കൂടിയുള്ള ഒരു ഒത്തുകളിയാവും ഇതെന്ന് പെട്ടെന്ന് അവനു തോന്നി.
അരുണാചലം മീഡിയക്കാരോട് എന്തോ ചോദിക്കുന്നതും അവർ തന്റെ വീടിനു പിന്നിലേക്കു കൈചൂണ്ടുന്നതും രാഹുൽ ശ്രദ്ധിച്ചു.
അരുണാചലവും അവർക്കൊപ്പം വീടിനു പിന്നിലേക്കു പോകുന്നു.
''മോനേ... " തൊട്ടുപിന്നിൽ സാവത്രിയുടെ ശബ്ദം കേട്ടപ്പോൾ പോലും അവൻ ശക്തിയിൽ ഞെട്ടി.
''എന്തൊക്കെയാടാ ഇവിടെ നടക്കാൻ പോകുന്നത്?"
''ഏ? " ബധിരനെപ്പോലെ രാഹുൽ കൈ മലർത്തി. തുടർന്ന് അടുത്ത ജനാലയ്ക്കലേക്കു മാറിനിന്ന് താഴേക്കു നോക്കി.
''എവിടെയാടാ?" അരുണാചലം വിക്രമന്റെയും സാദിഖിന്റെയും നേർക്കു തിരിഞ്ഞു.
''ദാ. അവിടെ..." സാദിഖ് ഒരു ഭാഗത്തേക്കു കൈചൂണ്ടി.
അരുണാചലം ജെ.സി.ബിയുടെ ഡ്രൈവർക്കു നേരെ തിരിഞ്ഞു.
''ആ സ്ളാബ് മാറ്റ്."
ജെ.സി.ബിയുടെ 'കോരി" ഞണ്ടിൻ കാൽ കണക്കെ മുന്നോട്ടു നീങ്ങുന്നതു കണ്ടപ്പോൾ രാഹുലിന്റെ നട്ടെല്ലിനുള്ളിൽ ഒരു പെരുപ്പുണ്ടായി...
അവരുടെ ലക്ഷ്യം പഴവങ്ങാടി ചന്ദ്രന്റെ ബോഡിയാണെന്ന് ഉറപ്പായി കഴിഞ്ഞിരിക്കുന്നു!
തലേന്നാൾ എസ്.പി അരുണാചലത്തോട് അങ്ങനെ പെരുമാറേണ്ടിയിരുന്നില്ലെന്നും ഇപ്പോൾ അവനു തോന്നി.
വേലായുധൻ മാസ്റ്ററും അരുണാചലത്തിന്റെ അരുകിൽ വന്നുനിന്നു.
ജെ.സി.ബിയുടെ പല്ലുകൾ സേഫ്റ്റി ടാങ്കിന്റെ സ്ളാബിനടിയിലേക്കു കടന്നു.
തൊട്ടടുത്ത ഏതോ ദിവസം അത് ഇളക്കിയിരുന്നുവെന്ന് ഒറ്റനോട്ടത്തിൽ അരുണാചലത്തിനു ബോദ്ധ്യമായി.
അയാൾ കർച്ചീഫ് എടുത്ത് മുഖത്തമർത്തി.
അടുത്ത നിമിഷം സ്ളാബ് ഒരു വശത്തേക്കു മാറി.
കടുത്ത ദുർഗ്ഗന്ധം!
സകലരും മൂക്കു പൊത്തി.
അരുണാചലം ജെ.സി.ബിയുടെ ഡ്രൈവർക്ക് നേരെ ഒരു ആംഗ്യം കാണിച്ചു...
ജെ.സി.ബിയുടെ കോരി ടാങ്കിലേക്കിറങ്ങി...
എല്ലാവരും ആകാംക്ഷയോടെ അവിടേക്കു ശ്രദ്ധിച്ചു നിന്നു.
സെക്കന്റുകൾ...
കോരി ഉയർന്നു വന്നു....
അതിൽ പഴുത്തു വീർത്ത തവളയെപ്പോലെ ഒരു മനുഷ്യരൂപം തൂങ്ങി കിടക്കുന്നു...!
അരുണാചലത്തിന്റേതു മാത്രമല്ല, വേലായുധൻ മാസ്റ്ററുടെ കണ്ണുകളിലും വല്ലാത്തൊരു തിളക്കം വന്നു....
'' ബോഡി അവിടെ കിടത്ത്... സൂക്ഷിച്ച്." അരുണാചലം ടിപ്പർ ഡ്രൈവർക്കു നിർദ്ദേശം നൽകി.
മീഡിയക്കാർ എല്ലാം ഷൂട്ടു ചെയ്യുകയാണ്.
''ഇത് ആരുടെ ബോഡിയാണു സാർ?" അവർക്ക് അതറിയാൻ തിടുക്കമായി.
''പറയാറായിട്ടില്ല...." അരുണാചലം ഒഴിഞ്ഞുമാറി.
എന്നാൽ വേലായുധൻ മാസ്റ്റർ പ്രതിവചിച്ചു:
''ഞങ്ങൾക്കു കിട്ടിയ അറിവ് അനുസരിച്ച് ഇത് രാഹുലിന്റെ ഗുണ്ടകളിൽ ഒരാളാണ്. ഇവനെക്കൊണ്ടിനി പ്രയോജനമില്ലെന്ന് തോന്നിയപ്പോൾ കൊന്നു തള്ളിയതാവാം."
അരുണാചലം, മാസ്റ്ററെ രൂക്ഷമായി ഒന്നു നോക്കി. പിന്നെ അടുത്തേക്കു നീങ്ങി ആ കാതിൽ മന്ത്രിച്ചു:
''പഴവങ്ങാടി ചന്ദ്രൻ ആരുടെ ഗുണ്ടയായിരുന്നെന്ന് പോലീസ് കസ്റ്റഡിയിലുള്ളവർ മൊഴി തന്നിട്ടുണ്ട്."
കവിളടക്കം അടിയേറ്റതുപോലെ മാസ്റ്റർ വിളറി....
ആരുണാചലം അയാളെ തീർത്തും അവഗണിച്ചു.
കുറച്ചു പോലീസുകാരെയും കൂട്ടി വീടിനു മുന്നിലേക്കു പോയി. മാസ്റ്ററും പിറകെ ചെന്നു.
അരുണാചലം വാതിലിൽ തട്ടി. രാഹുൽ വാതിൽ തുറക്കുമ്പോൾ ചിത്രങ്ങളെടുക്കാൻ മീഡിയക്കാർ തയ്യാറായി നിന്നു.
എന്നാൽ....
വാതിൽ തുറന്നത് സാവത്രിയാണ്.
''രാഹുൽ എവിടെ?" അരുണാചലം തിരക്കി.
ആ സ്വരത്തിലെ അധികാരഭാവം സാവത്രി തിരിച്ചറിഞ്ഞു.
''അവനിന്നു മുഖ്യമന്ത്രിയാണ്." ആ സ്ത്രീ ഓർമ്മപ്പെടുത്തി.
'' അതു മാത്രമല്ല കറ തീർന്ന ക്രിമിനലും."
എസ്.പിയും പോലീസുകാരും ഹാളിലേക്കു കയറി. സാവത്രി നിസ്സഹായയായി നിന്നു.
സ്റ്റെയർകെയ്സിനു മുകളിൽ താഴേക്കു നോക്കി നിൽക്കുകയായിരുന്നു രാഹുൽ.
''താൻ ഇങ്ങോട്ടു വരണമെന്നില്ല. ഞാൻ അവിടേക്കു വരാം. "
എന്തോ കരുതിക്കൂട്ടിയ മട്ടിൽ രാഹുൽ താഴേക്കിറങ്ങി വന്നു.
[തുടരും]