സ്ഥാനാർത്ഥി വനിതയാണെങ്കിൽ ജയസാദ്ധ്യതയേറും. മമതാ ബാനർജിയുടെ ബംഗാളിന്റെ കാര്യമാണ്. രാജ്യത്ത്, വനിതകൾക്ക് ജയസാദ്ധ്യത അധികമുള്ള സംസ്ഥാനം ബംഗാൾ ആണെന്നാണ് വയ്‌പ്. കഴിഞ്ഞ ആറ് ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലെ ജനവിധി പരിശോധിച്ചാൽ കിട്ടുന്ന നിഗമനമാണ് ഇത്. തൃണമൂൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥി ടിക്കറ്റുകളിൽ 40 ശതമാനവും വനിതകൾക്കു നൽകിയ മതയുടെ ടെക്‌നിക്കിന്റെ രഹസ്യം പിടികിട്ടിയല്ലോ.
ഇനി, ഇതിന്റെ എതിരറ്റമുണ്ട്. മത്സരിക്കുന്നത് സ്ത്രീയാണെങ്കിൽ തിരിഞ്ഞുനോക്കാത്തവരുടെ സംസ്ഥാനം- കർണാടകത്തിനാണ് ഈ പേരുദോഷം. നൂറ് സ്ത്രീകൾ മത്സരിക്കാനുണ്ടെങ്കിൽ അതിൽ കഷ്‌ടിച്ച് അഞ്ചു പേർ വിജയിച്ചാൽ ഭാഗ്യം. ബംഗാൾ കഴിഞ്ഞാൽ വനിതൾക്ക് തിരഞ്ഞെടുപ്പിൽ ഭാഗ്യജാതകം പ്രതീക്ഷിക്കാവുന്ന മറ്റു സംസ്ഥാനങ്ങൾ ഗുജറാത്ത്, യു.പി, ബീഹാർ എന്നിവയാണ്.
കഴിഞ്ഞ ആറ് ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ, വിവിധ സംസ്ഥാനങ്ങളിലായി മത്സരരംഗത്തുണ്ടായിരുന്ന 2736 വനിതാ സ്ഥാനാർത്ഥികളിൽ സഭ കാണാൻ ഭാഗ്യമുണ്ടായത് വെറും 298 പേർക്ക്. 2090 സ്ത്രീകൾക്ക് കെട്ടിവച്ച കാശു പോലും കിട്ടിയില്ല. കർണാടകത്തിൽ, ഈ കാലയളവിൽ വിവിധ രാഷ്‌ട്രീയകക്ഷികളുടെ സ്ഥാനാർത്ഥിയായ 141 വനിതകളിൽ ജയിച്ചത് ഏഴു പേർ മാത്രം.