tom-vadakkan

തിരുവനന്തപുരം: കോൺഗ്രസ് ക്യാമ്പിൽ വൻ ഞെട്ടലുണ്ടാക്കിയാണ് മുതിർന്ന നേതാവും മുൻ വക്താവുമായ ടോം വടക്കൻ ബി.ജെ.പിയിൽ ചേർന്ന വാർത്ത പുറത്തുവന്നത്. കോൺഗ്രസിലെ കുടുംബാധിപത്യത്തിലും പുൽവാമ ആക്രമണത്തിലെ നിലപാടിലും പ്രതിഷേധിച്ചാണ് താൻ പാർട്ടി വിടുന്നതെന്നാണ് അദ്ദേഹത്തിന്റെ വാദം. എന്നാൽ കഴിഞ്ഞ രണ്ട് ദിവസം മുമ്പ് വരെ കോൺഗ്രസിന് വേണ്ടി ചാനൽ ചർച്ചകളിൽ പങ്കെടുക്കുകയും നരേന്ദ്ര മോദിയെയും ബി.ജെ.പിയെയും കുറ്റം പറയുകയും ചെയ്‌ത വടക്കൻ ഇരുട്ടിവെളുത്തപ്പോൾ തന്റെ നിലപാട് മാറ്റിയത് സോഷ്യൽ മീഡിയയിൽ വൻ വിമർശനങ്ങൾക്ക് ഇടയാക്കി. പാർട്ടിയ്‌ക്ക് വേണ്ടി ഒരുതരത്തിലുള്ള ഉപയോഗവും ചെയ്യാതിരുന്ന വടക്കൻ പോയത് തന്നെയാണ് നല്ലതെന്നാണ് കോൺഗ്രസുകാരുടെ പക്ഷം. ബി.ജെ.പിക്ക് ഇതിലും വലുതെന്തോ വരാൻ ഇരുന്നതാണെന്നും ചിലർ പറയുന്നു.

എന്നാൽ ഫെബ്രുവരി നാലിന് ടോം വടക്കൻ നടത്തിയ ട്വീറ്റാണ് മിക്കവരും ആയുധമാക്കുന്നത്. ബി.ജെ.പിയിൽ ചേർന്ന തൃണമൂൽ കോൺഗ്രസ് നേതാവ് മുകുൾ റോയിയെ ശാരദാ ചിട്ടി ഫണ്ട് കേസിലെ അന്വേഷണത്തിൽ നിന്ന് ഒഴിവാക്കിയെന്ന വാർത്ത ഷെയർ ചെയ്‌ത് കൊണ്ട് ടോം വടക്കൻ നടത്തിയ പരാമർശങ്ങളാണ് ഇപ്പോൾ തിരിഞ്ഞുകൊത്തുന്നത്. ബി.ജെ.പിയിൽ ചേർന്നാൽ നിങ്ങളുടെ മുൻകാല പാപങ്ങളെല്ലാം പൊറുക്കുമെന്നായിരുന്നു വടക്കന്റെ പരാമർശം. നേരത്തെ ബി.ജെ.പി നേതാവ് വി.വി.രാജേഷുമായി ടോം വടക്കൻ നടത്തിയ ചാനൽ ചർച്ചയും വ്യാപകമായി പ്രചരിക്കുന്നുണ്ട്. അധികാരത്തിലെത്തിയാൽ 15ലക്ഷം രൂപ എല്ലാവരുടെയും അക്കൗണ്ടിലെത്തുമെന്ന നരേന്ദ്ര മോദിയുടെ പ്രസ്‌താവന ചൂണ്ടിക്കാട്ടി ടോ വടക്കൻ രാജേഷിനെ ആക്രമിക്കുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. കേരളത്തിലെത്തിയാൽ എന്തായാലും വി.വി.രാജേഷിന്റെ മുന്നിൽ ചെന്ന് ചാടരുതെന്നും നാട്ടിൽ വരുമ്പോൾ ആ 15 ലക്ഷം രൂപ കൂടി കൊണ്ടുവരണെമന്നും ചിലർ പറയുന്നു.

Once you join BJP all your crimes are cleansed. https://t.co/5j98dz6JQI

— Tom Vadakkan (@TVadakkan) February 4, 2019