ന്യൂഡൽഹി:ജയ്ഷെ ഭീകരൻ മസൂദ് അസറിനെ ആഗോള ഭീകര പട്ടികയിൽ ഉൾപ്പെടുത്തുന്നത് ചൈന താത്ക്കാലികമായി തടഞ്ഞത് തിരിച്ചടിയായ പശ്ചാത്തലത്തിൽ ഇനി ഇന്ത്യയുടെ മുന്നിലുള്ള വഴികൾ.
ഇന്ത്യയ്ക്ക് തന്ത്രം പുനഃപരിശോധിക്കാം. രക്ഷാസമിതിയിലെ ഭീകരവിരുദ്ധ സമിതി ചട്ടങ്ങൾ പ്രകാരം ചൈനയുടെ താത്ക്കാലിക എതിർപ്പ് മസൂദിനെതിരായ പ്രമേയം അസാധുവാക്കുന്നില്ല. ചൈനയ്ക്ക് ആറ് മാസം വരെ തീരുമാനം നീട്ടാം. പിന്നീട് മൂന്ന് മാസം കൂടി ആവശ്യപ്പെടാം. ഈ കാലയളവിൽ ചൈനയെ കാര്യങ്ങൾ ബോദ്ധ്യപ്പെടുത്താൻ ഇന്ത്യ ശ്രമിക്കണം
മസൂദിനെ ഭീകരലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന ആവശ്യത്തിന് രണ്ട് പതിറ്റാണ്ട് പഴക്കമുണ്ട്. പാകിസ്ഥാനിലെ ഒരു ഡസനിലേറെ ഭീകര സംഘടനകളെ ആഗോള ഭീകര ലിസ്റ്റിൽ ഉൾപ്പെടുത്താൻ ചൈന അനുകൂലിച്ചപ്പോഴും മസൂദിന് എതിരായ നിലപാട് സ്വീകരിച്ചിട്ടില്ല. 2001ലാണ് ജയ്ഷെ മുഹമ്മദിനെ ഭീകര ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന പ്രമേയം രക്ഷാസമിതിയിൽ എത്തുന്നത്. അതിൽ സംഘടനയുടെ സ്ഥാപകൻ മസൂദ് ആണെന്നും ബിൻ ലാദനിൽ നിന്ന് ഫണ്ട് ശേഖരിച്ചിരുന്നതായും വ്യക്തമാക്കുന്നുണ്ട്.
മുൻപ് മൂന്ന് തവണയും മസൂദിനെതിരായ പ്രമേയം ചൈന കൈയോടെ വീറ്റോ ചെയ്യുകയായിരുന്നു. ഇത്തവണ മാത്രമാണ് അന്തിമ തീരുമാനം നീട്ടിക്കൊണ്ട് സാങ്കേതികമായി തടയുന്നത്. ഐക്യ രാഷ്‌ട്ര സഭയിൽ ചൈനയ്‌ക്ക് ഇന്ത്യയുടെയും അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെയും പിന്തുണ ആവശ്യമുള്ള മേഖലകൾ ഉപയോഗിച്ച് ചൈനയെ നിലപാട് മാറ്റാൻ പ്രേരിപ്പിക്കണം.
നിലവിൽ രക്ഷാസമിതിയിലെ ഒരംഗം വീറ്റോ ചെയ്‌താൽ മറ്റ് നാല് അംഗങ്ങലുടെയും തീരുമാനം അട്ടിമറിക്കപ്പെടും. അത് മാറ്റാൻ വീറ്റോ ഉൾപ്പെടെ രക്ഷാസമിതിയുടെ പരിഷ്‌കാരത്തിന് യു. എൻ പൊതു സഭ പാസാക്കിയ പ്രമേയം പരിഗണിക്കണം. അസറിന്റെ കാര്യം ചൈനയെ ബോദ്ധ്യപ്പെടുത്തുന്നത് പരാജയപ്പെട്ടപ്പോൾ അമേരിക്കൻ പ്രതിനിധിതന്നെ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്.
മസൂദ് അസറിന്റെ പ്രശ്നം ഇന്ത്യ പൂർണമായി ഉപേക്ഷിക്കുക. മുംബയ് ഭീകരാക്രമണത്തിന് ശേഷം ആഗോള ഭീകര ലിസ്റ്റിൽ ഉൾപ്പെടുത്തിയ ലഷ്‌കർ ഭീകരൻ ഹാഫീസ് സയീദ് ഇപ്പോഴും പാകിസ്ഥാനിൽ വിഹരിക്കുകയാണ്. അസറിന്റെ കാര്യവും വ്യത്യസ്‌തമാവില്ല
ഭീകരഗ്രൂപ്പുകൾക്ക് ധനസഹായം നൽകുന്നത് നിരീക്ഷിക്കുന്ന ആഗോള സംഘടനയായ ഫിനാൻഷ്യൽ ആക്‌ഷൻ ടാസ്‌ക് ഫോഴ്സ് പാകിസ്ഥാനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നതിന്റെ വക്കിലാണ്. സംഘടനയിൽ നയതന്ത്ര സമ്മർദ്ദം ചെലുത്തി ഭീകരർക്കെതിരെ പാകിസ്ഥാനെ കൊണ്ടു തന്നെ നടപടികൾ എടുപ്പിക്കണം. പാകിസ്ഥാൻ അസറിനും സയീദിനും എതിരെ നടപടികൾ എടുക്കാൻ നിർബന്ധിതമാകണം. പാക് ഭീകര ക്യാമ്പുകൾ അടച്ചു പൂട്ടിക്കണം. അതിൽ നിർണായക പങ്ക് വഹിക്കാൻ ചൈനയെ പ്രേരിപ്പിക്കണം.