അസംസ്‌കൃത വസ്‌തു വാങ്ങൽച്ചെലവ് കുറയ്‌ക്കാൻ നടപടിയെടുക്കും
കൊച്ചി: സംസ്ഥാന പൊതുമേഖലാ കാലിത്തീറ്റ നിർമ്മാണ കമ്പനിയായ കേരള ഫീഡ്‌സ് ലിമിറ്രഡ് 2020-21 സാമ്പത്തിക വർഷത്തോടെ 500 കോടി രൂപയുടെ വിറ്റുവരവ് ലക്ഷ്യമിടുന്നു. 2017-18ൽ 375 കോടി രൂപയായിരുന്നു വിറ്റുവരവ്. നടപ്പുവർഷം ഇത് 400 കോടി രൂപ കടക്കുമെന്നാണ് പ്രതീക്ഷ. 74 കോടി രൂപ നിക്ഷേപത്തോടെ തൊടുപുഴയിൽ സ്ഥാപിക്കുന്ന, കമ്പനിയുടെ നാലാമത്തെ പ്ളാന്റിന്റെ പ്രവർത്തനം രണ്ടുമാസത്തിനകം നടക്കും. അതോടെ, വിറ്റുവരവിൽ വൻ കുതിപ്പ് നേടാനാകുമെന്ന് മാനേജിംഗ് ഡയറക്‌ടർ ഡോ.ബി. ശ്രീകുമാർ പറഞ്ഞു.
500 ടണ്ണാണ് തൊടുപുഴ പ്ളാന്റിന്റെ ഉത്‌പാദനശേഷി. തൃശൂർ കല്ലേറ്റുംകര, കരുനാഗപ്പള്ളി, കോഴിക്കോട് എന്നിവിടങ്ങളിലാണ് നിലവിലെ പ്ളാന്റുകൾ. യൂറോപ്പ്യൻ സാങ്കേതികവിദ്യയുള്ള പ്ളാന്റുകളുടെ 95 ശതമാനം പ്രവർത്തനവും യന്ത്രകേന്ദ്രീകൃതമാണ്. 650 ടൺ ശേഷിയുള്ള കല്ലേറ്റുംകര പ്ളാന്റാണ് വലുത്. കരുനാഗപ്പള്ളിയിലും കോഴിക്കോട്ടും ശേഷി 300 ടൺ വീതം. ദിവസേന 15 ലിറ്രറിലേറെ പാൽ തരുന്ന പശുക്കൾക്കുള്ള എലൈറ്റ്, 10 ലിറ്ററിനുമേൽ പാൽ തരുന്ന പശുക്കൾക്കുള്ള മിടുക്കി, 10 ലിറ്ററിന് താഴെ കറവയുള്ള പശുക്കൾക്കുള്ള റിച്ച് എന്നീ കാലിത്തീറ്റ ബ്രാൻഡുകളാണ് കമ്പനിക്കുള്ളത്.
ഉന്നത ഗുണനിലവാരവും ഉയർന്ന പ്രോട്ടീനുമാണ് ഇവയുടെ പ്രത്യേകതയെന്ന് ചെയർമാൻ കെ.എസ്. ഇന്ദുശേഖരൻ നായർ പറഞ്ഞു. റിച്ചിന് 1,070 രൂപ, മിടുക്കിക്ക് 1,095 രൂപ, എലൈറ്രിന് 1,175 രൂപ എന്നിങ്ങനെയാണ് വില. 50 കിലോഗ്രാമിന്റെ ചാക്കുകളാണ് വിപണിയിലെത്തിക്കുന്നത്. 2015-18 കാലയളവിൽ അസംസ്‌കൃത വസ്‌തുക്കളുടെ വില 35 ശതമാനം വരെ കൂടിയത് കമ്പനിക്ക് വലിയ തിരിച്ചടിയായി. നഷ്‌ടം ക്ഷീരകർഷകരിലേക്ക് അടിച്ചേല്‌പ്പിക്കാതിരിക്കാനായി കാലിത്തീറ്റയുടെ വില കമ്പനി കൂട്ടിയിരുന്നില്ല. എന്നാൽ, ഈമാസം ഒമ്പതിന് ചാക്കിന് 25 രൂപ കൂട്ടി. എന്നിട്ടും ചാക്കിന് ശരാശരി 60 രൂപയുടെ നഷ്‌ടം കമ്പനി നേരിടുന്നുണ്ട്.
അസംസ്‌കൃത വസ്‌തുക്കളായ ചോളം, തവിട്, പരുത്തിക്കുരു തുടങ്ങിയവ കേരളത്തിന് പുറത്തുനിന്നാണ് കമ്പനി വാങ്ങുന്നത്. 2017-18ൽ കമ്പനിയുടെ മൊത്തം ചെലവിൽ 83 ശതമാനവും അസംസ്കൃത വസ്‌തുക്കൾ വാങ്ങാനായിരുന്നു. നടപ്പുവർഷം ഇത് 90 ശതമാനം ആയിട്ടുണ്ട്. ഇ-ടെൻഡറിലൂടെയാണ് ഇപ്പോൾ അസംസ്‌കൃത വസ്‌തുക്കൾ വാങ്ങുന്നത്. ദീർഘകാല കരാറിലേർപ്പെട്ട് വാങ്ങൽച്ചെലവ് കുറയ്‌ക്കുന്നത് ആലോചനയിലുണ്ടെന്ന് ഡോ. ബി. ശ്രീകുമാർ പറഞ്ഞു.
നഷ്‌ടം ₹10 കോടിയിലേക്ക്
കേരള ഫീഡ്‌സിന്റെ മൊത്തം പ്രവർത്തന നഷ്‌ടം 72 കോടി രൂപയാണ്. 2016-17ൽ 32 കോടി രൂപയുടെ നഷ്‌ടം കമ്പനി രേഖപ്പെടുത്തി. 2017-18ൽ ഇത് രണ്ടു കോടി രൂപയായി കുറഞ്ഞു. നടപ്പുവർഷം ലാഭത്തിലേറുമെന്ന് പ്രതീക്ഷിച്ചെങ്കിലും പ്രളയം തിരിച്ചടിയായി. നടപ്പുവർഷം ഏപ്രിൽ-ജൂണിൽ 75 ലക്ഷം രൂപയുടെ ലാഭമുണ്ടായിരുന്നു. ജൂലായ്-ഡിസംബർ കാലയളവിൽ പ്രളയംമൂലം പത്തു കോടി രൂപയുടെ നഷ്‌ടമുണ്ടായി. ഈവർഷം ആകെ പ്രതീക്ഷിക്കുന്ന നഷ്‌ടം പത്തു കോടി രൂപ.
4,000 ടൺ
അഞ്ചുലക്ഷത്തോളം ക്ഷീരകർഷകരുണ്ട് കേരളത്തിൽ. പ്രതിദിനം 4,000 ടൺ കാലിത്തീറ്റ കേരളത്തിൽ വിറ്റഴിയുന്നു. ഇതിൽ 1,000-1200 ടൺ വിഹിതമാണ് കേരള ഫീഡ്‌സിനുള്ളത്.
3,500 ഡീലർമാർ
കേരളം മാത്രമാണ് കേരള ഫീഡ്‌സിന്റെ വിപണി. 3,500 ഡീലർമാരുണ്ട്. തൊടുപുഴ പ്ളാന്റ് തുറക്കുന്നതോടെ മറ്ര് സംസ്‌ഥാനങ്ങളിലേക്കും ചുവടുവയ്‌ക്കും. തൊടുപുഴ പ്ളാന്റ് പ്രവർത്തനസജ്ജമാകുമ്പോൾ, കേരളത്തിനാവശ്യമായ കാലിത്തീറ്റയുടെ 50 ശതമാനം പൊതുമേഖലയിൽ ഉത്‌പാദിപ്പിക്കാനാകും.
ക്ഷീരകർഷകർക്ക്
വായ്‌പാ പദ്ധതി
എസ്.ബി.ഐയുമായി സഹകരിച്ച് സംസ്‌ഥാനത്തെ ക്ഷീരകർഷകർക്ക്, സൊസൈറ്രികൾ വഴി വായ്‌പാസഹായം നൽകാൻ കേരള ഫീഡ്‌സ് ആലോചിക്കുന്നുണ്ട്. രണ്ടുമാസത്തിനകം പദ്ധതി നടപ്പാക്കുമെന്ന് മാനേജിംഗ് ഡയറക്‌ടർ ഡോ.ബി. ശ്രീകുമാർ 'കേരളകൗമുദി"യോട് പറഞ്ഞു. പശുക്കളുടെ എണ്ണത്തിന് അനുസരിച്ച് വായ്‌പാത്തുക നിശ്‌ചയിക്കും. ക്ഷീരമേഖലയുടെ വികസനമാണ് ലക്ഷ്യം. 8.9 ശതമാനമായിരിക്കും പലിശ.