കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ കേൾക്കുന്നില്ലെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. സ്വന്തം മൻ കീ ബാത്ത് പറയുകയല്ല ഒരു പ്രധാനമന്ത്രി ചെയ്യേണ്ടതെന്നും രാജ്യത്തെ ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കുകയാണ് വേണ്ടതെന്നും രാഹുൽ പറഞ്ഞു. കർഷകരെയും പാവപ്പെട്ടവരെയും മോദി ഭായ് എന്നുവിളിക്കാറില്ല. അനിൽ അംബാനിയെയും നീരവ് മോദിയെപ്പോലെയും ഉള്ളവരെ മാത്രമാണ് ഭായ് എന്നുവിളിക്കുന്നതെന്നും രാഹുൽ ആരോപിച്ചു.
ഇന്ത്യയിലെ പ്രധാനമന്ത്രി താൻ എന്താണ് ചെയ്യാൻ പോകുന്നതെന്ന് മാത്രമാണ് ജനങ്ങളോട് പറയുന്നത്. സ്വന്തം മനസിലുള്ളത് മാത്രമാണ് മോദി മൻ കീ ബാത്തിലുടെ പറയുന്നത്. ഒരാൾ പറയുന്നത് മാത്രമാണ് കഴിഞ്ഞ അഞ്ച് വർഷം രാജ്യം കണ്ടതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
രാജ്യത്തെ ഒാരോ സ്ഥാപനങ്ങളും മോദി തകർത്തുവെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ജനങ്ങളാണ് യജമാനൻമാർ അവർക്കായി പ്രവർത്തിക്കുകയാണ് കോൺഗ്രസ് ചെയ്യുന്നത്. ഇന്ത്യയിൽ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളും ആർ.എസ്.എസും ബി.ജെ.പിയും തമ്മിലുള്ള സഖ്യവുമായിട്ടുള്ള പോരാട്ടമാണ് ലോക്സഭ തിരഞ്ഞെടുപ്പിൽ നടക്കുന്നത്.
ജനങ്ങൾ പറയുന്നത് കേൾക്കുക എന്നതാണ് കോൺഗ്രസിന്റെ പ്രധാന കർത്തവ്യം. ദുർബലമായ ശബ്ദത്തെ ശ്രവിക്കണമെന്നാണ് ഗാന്ധിജി പറഞ്ഞത്. ദുർബലമായ മനുഷ്യനെ ശ്രവിക്കുന്നത് വഴി രാജ്യത്തെ മനസിലാക്കാൻ കഴിയും. രാജ്യത്തിന് മേൽ ഒന്നും അടിച്ചേൽപ്പിക്കാൻ കോൺഗ്രസ് ആഗ്രഹിക്കുന്നില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
കോഴിക്കോട് ബീച്ചിൽ സംഘടിപ്പിച്ച ജനമഹാറാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. കേരളത്തിൽ കോൺഗ്രസിന്റെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കമാകുന്നത് ജനമഹാറാലിയോടെയാണ്. പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിന്റെയും കൃപേഷിന്റെയും വീടുകൾ സന്ദർശിച്ചതിന് ശേഷമാണ് രാഹുൽ ഗാന്ധി ജനമഹാറാലിക്കെത്തിയത്.
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്, മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ എന്നിവരടക്കം നിരവധി പ്രമുഖ നേതാക്കൾ ജനമഹാറാലിയിൽ പങ്കെടുക്കുന്നുണ്ട്.
.